സ്മിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പിന്തുണച്ച് റിക്കി പോണ്ടിംഗ്
ഓസ്‌ട്രേലിയൻ ടീമിൻറെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സ്റ്റീവ് സ്മിത്തിനെ പിന്തുണച്ച് റിക്കി പോണ്ടിംഗ് രംഗത്ത്. സ്റ്റീവ് സ്മിത്തിനെ വീണ്ടും ക്യാപ്റ്റനായി കാണാൻ ആണ് താൻ ആഗ്രഹിക്കുന്നതെന്ന് റിക്കി പോണ്ടിംഗ് പറഞ്ഞു. ഓസ്‌ട്രേലിയൻ ക്രിക്കറ്റ് പ്രേമികൾ എന്താണ് ഇക്കാര്യത്തിൽ ആഗ്രഹിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്ന് പോണ്ടിംഗ് പറഞ്ഞു. ആഷസ് പരമ്പരയിൽ തകർപ്പൻ പ്രകടനമാണ് സ്മിത്ത് നടത്തിയത്.
നിലവിൽ ഓസ്‌ട്രേലിയയുടെ നായകൻ ടിം പെയ്നാണ്. എന്നാൽ ആഷസ് ടെസ്റ്റിൽ മോശം തീരുമാനങ്ങൾ എടുത്തതിലൂടെ നിരവധി വിമർശനങ്ങൾ താരത്തിന് കേൾക്കേണ്ടി വന്നു. ഡിആര്‍എസ് അടക്കമുള്ള തീരുമാനങ്ങളിൽ പിഴവാണ് ഇതിന് കാരണമായത്. പന്ത് ചുരണ്ടൽ വിവാദത്തിൽ വിലക്ക് നേരിട്ട് സ്മിത്ത് ഒരു വർഷത്തിന് ശേഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ തിരിച്ചെത്തിയത്. പന്ത് ചുരുണ്ടൽ പ്രശ്‌നത്തിൽ ക്യാപ്റ്റൻ സ്ഥാനം നഷ്ട്ടപെട്ട സ്മിത്തിന് ക്യാപ്റ്റനാകുന്നതില്‍ ഏർപ്പെടുത്തിയ വിലക്ക് 2020ൽ ആണ് അവസാനിക്കുന്നത്.






































