Cricket This day in history Top News

ഒക്ടോബർ 25 സച്ചിനും മലയാളികൾക്കും മറക്കാനാവാത്ത ദിനം

October 26, 2025

author:

ഒക്ടോബർ 25 സച്ചിനും മലയാളികൾക്കും മറക്കാനാവാത്ത ദിനം

2005 ഒക്ടോബർ 25. ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ ഇന്ത്യൻ പരിടനം അന്ന് ആരംഭിക്കുകയാണ്. ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അത് ടെന്നീസ് എൽബോ അസുഖം മൂലം ക്രിക്കറ്റിൽ നിന്നും ഏകദേശം ഒരു വർഷത്തോളം വിട്ടുനിന്ന സച്ചിന്റെ മടങ്ങിവരവ് ആണെങ്കിൽ നമ്മൾ മലയാളികളെ സംബന്ധിച്ചിടത്തോളം ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം കൃത്യമായി പറഞ്ഞാൽ ടിനു യോഹന്നാൻ 2001 ഇൽ അരങ്ങേറി 2002 ഇൽ തന്റെ അവസാന മത്സരം കളിച്ചതിനു ശേഷം ഒരു മലയാളി പയ്യൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടംപിടിക്കുന്ന ദിനം കൂടിയാണന്ന് . അത് മറ്റാരുമല്ല കേരള എക്സ്പ്രസ് ശാന്തകുമാരൻ ശ്രീശാന്ത്. ഏറെ ആകസ്മികമായാണ് ശ്രീശാന്തിന്റെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കുള്ള വരവ്. ടെന്നീസ് എൽബോ ബാധിച്ച സച്ചിന്റെ മടങ്ങി വരവിലെ ആദ്യ മേജർ ടൂർണമെന്റ് ചലഞ്ചർ ട്രോഫി ആയിരുന്നു. ഇന്നത്തെ ഐപിഎല്ലിന് മുൻപ് ഇന്ത്യൻ താരങ്ങൾ പരസ്പരം മത്സരിക്കുന്നത് കാണാനുള്ള ഏക അവസരം കൂടിയായിരുന്നു ചലഞ്ചർ ട്രോഫി. ഇന്ത്യ എ ഇന്ത്യ ബി ഇന്ത്യ സീനിയർ എന്നിങ്ങനെ മൂന്നായി തിരിഞ്ഞ് ഇന്ത്യൻ താരങ്ങൾ പരസ്പരം കൊമ്പ് കോർക്കുന്ന ഏകദിന ടൂർണമെന്റ് അന്ന് ഇന്ത്യയിൽ ഏറ്റവും അധികം പ്രചാരമുള്ള ആഭ്യന്തര ടൂർണമെന്റ് കൂടിയായിരുന്നു. ആ ടൂർണമെന്റിൽ സച്ചിന്റെ നിർണായകമായ വിക്കറ്റ് നേടിയതാണ് ശ്രീശാന്തിനെ സെലക്ടർമാരുടെ കണ്ണിൽ പെടുത്തിയത്. അന്നത്തെ കോച്ച് ഗ്രെഗ് ചാപ്പൽ യുവ രക്തങ്ങളുടെ വലിയൊരു ആരാധകൻ കൂടിയായിരുന്നു.

മോശമല്ലാത്ത തുടക്കമായിരുന്നു ശ്രീശാന്തിന് ക്രിക്കറ്റ് കരിയറിൽ ലഭിച്ചത്. ആദ്യ മത്സരത്തിൽ തന്നെ രണ്ട് വിക്കറ്റ് നേടി ശ്രീശാന്ത് അരങ്ങേറ്റം ഗംഭീരമാക്കി. തൊട്ടടുത്ത വർഷം നടന്ന ഇംഗ്ലണ്ടിന്റെ ഇന്ത്യൻ സീരീസിൽ ആണ് ശ്രീശാന്ത് ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് നടന്നതെല്ലാം ചരിത്രമാണ്. ആ ഒൿടോബർ 25 അങ്ങനെ സച്ചിനെ സംബന്ധിച്ചും ശ്രീശാന്തിനെ സംബന്ധിച്ചും ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ചും മറക്കാനാവാത്തതായി.

Leave a comment