Uncategorised

സദഗോപൻ രമേഷ് അഥവാ സദാ യോഗ്യൻ രമേശ്

October 14, 2025

author:

സദഗോപൻ രമേഷ് അഥവാ സദാ യോഗ്യൻ രമേശ്

 

​1975 ഒക്ടോബർ 13നു ചെന്നൈയിൽ ജനിച്ച സദഗോപൻ രമേഷ് എന്ന ഇടം കയ്യൻ ഓപ്പണിങ് ബാറ്റർ, 2000 തുടക്കത്തിൽ ഇന്ത്യൻ ആരാധകർക്ക് മറക്കാൻ ആവാത്ത കളിക്കാരിൽ ഒരാൾ ആയിരുന്നു..

​1995-96 സീസണിൽ തമിഴ്‌നാടിന് വേണ്ടി ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച രമേശ്, അടുത്ത പത്ത് സീസണുകളോളം അവർക്കായി കളിച്ചു. രഞ്ജി ട്രോഫിയിലെയും മറ്റ് ആഭ്യന്തര മത്സരങ്ങളിലെയും സ്ഥിരതയാർന്ന പ്രകടനങ്ങളാണ് അദ്ദേഹത്തെ ദേശീയ ടീമിലേക്ക് എത്തിച്ചത്. (തമിഴ്‌നാടിന് പുറമെ, കരിയറിന്റെ അവസാന കാലഘട്ടത്തിൽ കേരളം (2005-07 സീസണുകളിൽ), അസം (2007-08 സീസണിൽ) എന്നീ ടീമുകൾക്കായും അദ്ദേഹം കളിച്ചിട്ടുണ്ട്.)ആഭ്യന്തര ക്രിക്കറ്റിൽ 7000 ഇൽ അധികം റൺസും, 20 സെഞ്ചുറികളും നേടി.

​ 1999 ജനുവരി 28-ന് പാകിസ്ഥാനെതിരെ ചെന്നൈയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം.( സച്ചിൻ സെഞ്ചുറി നേടിയിട്ടും 12റൺസിനു ഇന്ത്യ തോറ്റ മത്സരം) ലോകോത്തര ബൗളർമാരായ വഖാർ യൂനിസിനും വസീം അക്രമിനും എതിരെ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ആദ്യ ഇന്നിങ്സിൽ 41 പന്തിൽ 43 റൺസ് നേടിക്കൊണ്ട് തന്റെ ക്ലാസ്സ്‌ തെളിയിച്ചു. രണ്ടാമത്തെ ടെസ്റ്റിൽ രണ്ട് ഇന്നിങ്സിലും അർദ്ധ സെഞ്ചുറി (60& 96) നേടി തുടക്കം ഗംഭീരം ആക്കി.
1999-ലെ ഏഷ്യൻ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ശ്രീലങ്കയ്‌ക്കെതിരെ തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി (143 റൺസ്) നേടി. ആദ്യത്തെ ആറ് ടെസ്റ്റുകളിൽ അദ്ദേഹത്തിന്റെ ബാറ്റിംഗ് ശരാശരി 50-ന് മുകളിലായിരുന്നു. 1999 ഇൽ തന്നെ ഏകദിനത്തിലും അരങ്ങേറ്റം നടത്തി.
​1999-ലെ ക്രിക്കറ്റ് ലോകകപ്പിൽ അദ്ദേഹം ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു. ലോകകപ്പിൽ 5 മത്സരങ്ങളിൽ നിന്ന് 144 റൺസ് നേടി.
​ 1999 സെപ്റ്റംബറിൽ ഏകദിന ക്രിക്കറ്റിൽ തന്റെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നേടുന്ന (വെസ്റ്റ് ഇൻഡീസിനെതിരെ) ആദ്യത്തെ ഇന്ത്യൻ ക്രിക്കറ്റ് താരമായി അദ്ദേഹം മാറിക്കൊണ്ട് ഒരു അപൂർവ റെക്കോർഡ് സ്വന്തമാക്കി.

​19 ടെസ്റ്റ്‌ മത്സരങ്ങളിൽ നിന്നും 1367 റൺസ് നേടി (37.97 ശരാശരി,)2 സെഞ്ച്വറികളും 8 അർദ്ധ സെഞ്ച്വറികളും നേടി.
​24 ഏകദിന മത്സരങ്ങൾ കളിച്ചു 28 ആവറേജിൽ 646 റൺസ് നേടിയപ്പോൾ അതിൽ 6 അർദ്ധ സെഞ്ച്വറികൾ ഉൾപ്പെടുന്നു. 99 ഇൽ പാകിസ്താനെതിരെ ഷാർജയിൽ നേടിയ 82 റൺസ് ആണ് ഉയർന്ന സ്കോർ.തന്റെ ഏക കരിയറിൽ ഒരേയൊരു സിക്സർ മാത്രം നേടിയ താരമെന്ന സവിശേഷതയും ഇദ്ദേഹത്തിന് ഉണ്ട്.

​മികച്ച തുടക്കം ലഭിച്ചിട്ടും, പലപ്പോഴും മികച്ച തുടക്കങ്ങളെ വലിയ സ്കോറുകളാക്കി മാറ്റാൻ കഴിയാതിരുന്നത് അദ്ദേഹത്തിന് തിരിച്ചടിയായി. വേഗത്തിൽ റൺസ് നേടാൻ കഴിയുന്നില്ല എന്ന വിമർശനവും ഉണ്ടായിരുന്നു. 2001-ൽ ശ്രീലങ്കൻ പര്യടനത്തിന് ശേഷം അദ്ദേഹം ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായി. 2001 സെപ്റ്റംബറിൽ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ അവസാന ടെസ്റ്റ് മത്സരം. യുവതാരങ്ങളുടെ രംഗപ്രവേശം അദ്ദേഹത്തിന്റെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് ദുഷ്‌കരമാക്കി.

​ക്രിക്കറ്റ് കരിയറിന് ശേഷം സദഗോപൻ രമേശ് തമിഴ് സിനിമയിലേക്ക് തിരിഞ്ഞു. ഒരു അഭിനേതാവായി അദ്ദേഹം തമിഴ് സിനിമാ ലോകത്ത് ശ്രദ്ധേയമായ സാന്നിധ്യമായി. ‘സന്തോഷ് സുബ്രഹ്മണ്യം’, ‘പട്ടാ പട്ടീ 50-50’ തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കൂടാതെ, അദ്ദേഹം ക്രിക്കറ്റ് കമന്റേറ്ററായും പ്രവർത്തിക്കുന്നു.

Leave a comment