കിരീട വേട്ടയിൽ സെഞ്ചുറി അടിച്ച് ജോക്കോവിച്ച് : ജനീവയിൽ ആവേശകരമായ തിരിച്ചുവരവിന് ശേഷം നൊവാക് ജോക്കോവിച്ച് 100-ാമത് എടിപി കിരീടം നേടി
സെർബിയൻ ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ച് ശനിയാഴ്ച തന്റെ 100-ാമത് എടിപി കിരീടം നേടി ചരിത്രം കുറിച്ചു. ജനീവ ഓപ്പൺ ഫൈനലിൽ, പോളണ്ടിന്റെ ഹ്യൂബർട്ട് ഹർകാസിനെതിരെ അദ്ദേഹം ശക്തമായ തിരിച്ചുവരവ് നടത്തി. മൂന്ന് മണിക്കൂറും അഞ്ച് മിനിറ്റും നീണ്ടുനിന്ന വാശിയേറിയ മത്സരം, 5-7, 7-6 (7/2), 7-6 (7/2) എന്ന സ്കോറിന് ജോക്കോവിച്ച് വിജയിച്ചു.
ഈ വിജയത്തോടെ, 38-കാരൻ ടെന്നീസ് മഹാന്മാരായ ജിമ്മി കോണേഴ്‌സിനും റോജർ ഫെഡററിനും ഒപ്പം ചേർന്ന് കരിയർ 100 എടിപി കിരീടങ്ങൾ നേടിയ മൂന്ന് പുരുഷന്മാരിൽ ഒരാളായി. കഴിഞ്ഞ വേനൽക്കാലത്ത് പാരീസിൽ കാർലോസ് അൽകറാസിനെ പരാജയപ്പെടുത്തി ഒളിമ്പിക് സ്വർണം നേടിയതിന് ശേഷമുള്ള ജോക്കോവിച്ചിന്റെ ആദ്യ ടൂർണമെന്റ് വിജയമാണിത്.
മോണ്ടെ കാർലോയിലും മാഡ്രിഡിലും നേരത്തെ പുറത്തായതിന് ശേഷം, ഈ ജനീവ വിജയം കളിമൺ കോർട്ടുകളിൽ ജോക്കോവിച്ചിന്റെ ഫോമിലേക്കുള്ള തിരിച്ചുവരവിനെ സൂചിപ്പിക്കുന്നു.