കരകയറാൻ കഴിയുമോ ഇത്തവണ !! കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകളെന്ത്?
21 മത്സരങ്ങളിൽ നിന്നും ഏഴ് ജയവും മൂന്ന് സമനിലയും 11 തോൽവിയും നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ പോയിന്റ് പട്ടികയിൽ 24 പോയിന്റുകളോടെ ഒന്പതാമതാണ് നിലവിൽ. ഇനി അവശേഷിക്കുന്നത് അതിനിർണായകമായ മൂന്ന് മത്സരങ്ങൾ. മാർച്ച് ഒന്നിനും ഏഴിനും കൊച്ചിയിലെ സ്വന്തം ഹോമിൽ യഥാക്രമം ജംഷഡ്പൂർ എഫ്‌സിക്കും മുംബൈ സിറ്റി എഫ്‌സിക്കും എതിരെ. സീസണിലെ അവസാന മത്സരത്തിൽ എവേ മൈതാനത്ത് ഹൈദരബാദ് എഫ്‌സിയെ നേരിട്ടാണ് ബ്ലാസ്റ്റേഴ്‌സ് ലീഗ് ഘട്ടം അവസാനിപ്പിക്കുക.
മോഹൻ ബഗാനെതിരെയും എഫ്‌സി ഗോവക്കെതിരെയുമുള്ള തോൽവികൾ കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടാനുള്ള സ്വപ്നങ്ങളിൽ കരിനിഴൽ വീഴ്ത്തിയെങ്കിലും, പ്രതീക്ഷയുടെ തിരിനാളം ഇനിയും ബാക്കിനിൽക്കുന്നു. ലീഗിൽ ബാക്കിയുള്ള എല്ലാ മത്സരങ്ങളും ജയിക്കുന്നതിനൊപ്പം, മുംബൈക്കെതിരായ മത്സരം രണ്ട് ഗോളുകളുടെ മാർജിനിൽ ജയിക്കേണ്ടതുണ്ട്. ഒപ്പം ഐലാൻഡേഴ്സ് അവസാനത്തെ മൂന്ന് മത്സരങ്ങളിൽ നിന്നും അഞ്ചിൽ കൂടുതൽ പോയിന്റുകൾ നഷ്ടപ്പെടുത്തേണ്ടതുമുണ്ട്. അതായത്, ബാക്കിയുള്ള മത്സരങ്ങളിൽ നിന്നും നാല് പോയിന്റുകൾ നേടിയാൽ മുംബൈ ടീം പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കും.
അല്ലെങ്കിൽ, നോർത്ത്ഈസ്റ്റ് യുണൈറ്റഡ് ശേഷിക്കുന്ന മത്സരങ്ങളിൽ എല്ലാം തോൽവി വഴങ്ങേണ്ടതുണ്ട്. എന്നാൽ, ബാക്കിയുള്ള മത്സരങ്ങളിൽ ഒഡീഷ എഫ്‌സി നാല് പോയിന്റുകളിൽ കൂടുതൽ എടുക്കാതിരിക്കുന്നതിനൊപ്പം തങ്ങൾക്ക് തുല്യമായ പോയിന്റുകളോടെ ലീഗ് അവസാനിപ്പിക്കാൻ സാധ്യതയുള്ള ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾവ്യത്യാസത്തിൽ മുന്നിൽ നിൽക്കേണ്ടതുണ്ട്. അതിനൊപ്പം തന്നെ, ശേഷിക്കുന്ന മത്സരങ്ങളിൽ പഞ്ചാബ് എഫ്‌സി പോയിന്റുകൾ നഷ്ടപ്പെടുത്തണം.