തോൽവി അറിയാതെ തുടർച്ചയായ ഒൻപതാം മത്സരം : കേരള ബ്ലാസ്റ്റേഴ്സിനെതിരെ ജയവുമായി മോഹൻ ബഗാൻ
ഇന്ത്യൻ സൂപ്പർ ലീഗിൽ കൊച്ചിയിലെ വിജയകുതിപ്പ് തുടർന്ന് മോഹൻ ബഗാൻ സൂപ്പർ ജയന്റ്. ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിലവിലെ ടേബിൾ ടോപ്പേഴ്‌സിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ തോൽവി മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക്. ജാമി മക്ലറെൻ (28′, 40′) ഇരട്ട ഗോളുകൾ നേടിയപ്പോൾ ആൽബെർട്ടോ റോഡ്രിഗസ് (66′) മൂന്നാം ഗോളും കണ്ടെത്തി.
ഇന്നത്തെ മത്സരത്തിലെ തോൽവിയോടെ 20 മത്സരങ്ങളിൽ നിന്നും ഏഴ് ജയവും മൂന്ന് സമനിലയും പത്ത് തോൽവിയുമായി 24 പോയിന്റുകളുമായി കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്ത് തുടരുന്നു. പ്ലേ ഓഫിലേക്ക് കടുത്ത പോരാട്ടം നടക്കുന്ന വേളയിൽ ഇന്നത്തെ തോൽവി കേരള ബ്ലാസ്റ്റേഴ്സിന് കനത്ത ആഘാതമാണ് നൽകുന്നത്.
കൊച്ചിയിലെ മൈതാനത്ത് കളിച്ച എല്ലാ മത്സരങ്ങളിലും ജയം കണ്ടെത്തിയെന്ന റെക്കോർഡ് ഭദ്രമാക്കിയാണ് മൂന്ന് പോയിന്റുകളുമായി മോഹൻ ബഗാൻ കേരളം വിടുന്നത്. ലീഗിലെ ഈ സീസണിലെ 15-ാം മത്സരം ജയിച്ച ടീം ഇതടക്കം തുടർച്ചയായ ഒൻപത് മത്സരങ്ങളിൽ തോൽവി രുചിച്ചിട്ടില്ല. നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ച ക്ലബ് ഈ ജയത്തോടെ ഷീൽഡിലേക്കുള്ള യാത്ര കൂടുതൽ സുരക്ഷിതമാക്കി.