മൂന്ന് വിക്കറ്റുമായി വരുൺ ചക്രവർത്തി : ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 133 റൺസ് വിജയലക്ഷ്യം
ഇന്ത്യ ഇംഗ്ലണ്ട് ഒന്നാം ടി20യിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 132 റൺസിന് ഒതുക്കി ഇന്ത്യ. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അത് ശരിവയ്ക്കുന്ന രീതിയിൽ ആയിരുന്നു ഇന്ത്യയുടെ പ്രകടനം. ഇന്ത്യക്ക് വേണ്ടി വരുൺ ചക്രവർത്തി മൂന്ന് വിക്കറ്റ് നേടിയപ്പോൾ അക്‌സർ പട്ടേൽ അര്ഷാദീപ് സിംഗ് ഹർദിക് പാണ്ട്യ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടുകയും ചെയ്തു. ബൗളിങ്ങിലും ഫീൽഡിങ്ങിലും ഇന്ത്യ മികച്ച പ്രകടനം ആണ് നടത്തിയത്.
സ്‌കോർ ബോഡിൽ റൺസ് എടുക്കുന്നതിന് മുമ്പ് തന്നെ ഇംഗ്ലണ്ടിന് വിക്കറ്റ് നഷ്ടമായി. തുടർന്ന് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണതോടെ ഇംഗ്ലണ്ട് തകർന്നടിഞ്ഞു. തകർന്ന ഇംഗ്ലണ്ടിനെ കരകയറ്റിയത് ക്യാപ്റ്റൻ ജോസ് ബട്ലർ ആണ്. അദ്ദേഹം 68 റൺസ് നേടി.എട്ട് ബൗണ്ടറിയും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു ക്യാപ്റ്റൻ ഇന്നിങ്ങ്സ്. മൂന്നാം വിക്കറ്റിൽ ഹാരി ബ്രൂക്കും ബട്ലറും ചേർന്ന് 48 റൺസ് നേടിയതാണ് ഏറ്റവും വലിയ കൂട്ടുകെട്ട്. ബട്ലറിനെ വരുൺ പുറത്താക്കിയതോടെ ടീമിൻറെ അവസാന തുറുപ്പും തെറിച്ചു. പിന്നീട് അർച്ചറും ആദിലും ചേർന്ന് ഒൻപതാം വിക്കറ്റിൽ 21 റൺസ് നേടി. ഇത് ടീമിനെ 130 കടക്കാൻ സഹായിച്ചു. ഇംഗ്ലണ്ടിൻറെ മൂന്ന് താരങ്ങൾ മാത്രമാണ് രണ്ടക്കം കണ്ടത്.