ഐഎസ്എൽ 2024-25: വിജയ വഴിയിലേക്ക് തിരിച്ചെത്താൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, നാളെ സ്വന്ത൦ തട്ടകത്തിൽ ചെന്നൈയിൻ എഫ്‌സിയെ നേരിടും
ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യത്തെ റൈവലറികളിൽ ഒന്നാണ് ചെന്നൈയിൻ എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ളത്. ഐഎസ്എല്ലിലെ ആദ്യ സതേൺ റൈവൽറിയിലെ അടുത്ത മത്സരം നവംബർ 24 ന് കൊച്ചിയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ അരങ്ങേറും.2014 ഒക്ടോബർ 21ന് ആദ്യമായി നേർക്കുനേർ വന്നതിൽ വിജയം ചെന്നൈക്കൊപ്പമായിരുന്നു. രണ്ടു അയൽക്കാർ ഏറ്റുമുട്ടുമ്പോൾ രൂപപ്പെട്ട തീപ്പൊരി കത്തിപ്പടർന്ന് പുതിയൊരു റൈവൽറിക്ക് ജന്മം നൽകി ശേഷം, ഇരു ടീമുകളും ഏറ്റുമുട്ടുന്ന പല മത്സരങ്ങളും പുൽനാമ്പുകളെ തീപിടിപ്പിക്കാൻ ശേഷിയുള്ളവയായി മാറി.
ഐഎസ്എല്ലിൽ ഇതുവരെ ഇരുടീമുകളും ഏറ്റുമുട്ടിയത് 22 തവണയാണ്. ഈ മത്സരങ്ങളിലെ വിജയങ്ങളുടെ പട്ടികയിൽ ഇരുവരും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ചെന്നൈയിൻ എഫ്‌സി ഏഴ് മത്സരങ്ങൾ ജയിച്ചപ്പോൾ, ആറെണ്ണം കേരള ബ്ലാസ്റ്റേഴ്‌സ് ജയിച്ചു. ഒമ്പതെണ്ണം സമനിലയിൽ കലാശിച്ചു. ലീഗിൽ, മറീന മച്ചാൻസിനെതിരെയാണ് കേരളം ഏറ്റവുമധികം മത്സരങ്ങൾ കളിച്ചിട്ടുള്ളത്. 21 മത്സരങ്ങളിൽ ഏറ്റുമുട്ടിയ നോർത്ത്ഈസ്റ്റ് യുണൈറ്റഡും എഫ്‌സി ഗോവയും പട്ടികയിൽ രണ്ടാമതുണ്ട്. ചെന്നൈയിനെടുത്തൽ, ഏറ്റവുമധികം മത്സരങ്ങളിൽ ഏറ്റുമുട്ടിയ ടീമുകളുടെ നിരയിൽ കേരളം രണ്ടാമതാണ്. ഒന്നാമതുള്ളത് 27 മത്സരങ്ങളിൽ എതിരിട്ട എഫ്‌സി ഗോവയാണ്.
ചെന്നൈയിൻ എഫ്‌സിക്കെതിരെ കേരളം നേടിയത് 31 ഗോളുകളാണ്. ചെന്നൈ തിരിച്ചടിച്ചതാകട്ടെ 29 എണ്ണവും. ഞായറാഴ്ച മത്സരം നടക്കുന്ന കൊച്ചിയിലെ സ്വന്തം ഹോമിൽ, ചെന്നൈക്കെതിരെ കൃത്യമായ ആധിപത്യം കേരളത്തിനുണ്ട്. സ്വന്തം ഹോമിൽ കളിച്ച ഒൻപത് മത്സരങ്ങളിൽ നാലെണ്ണത്തിൽ വിജയം കേരളത്തിനൊപ്പമാണ്. രണ്ടെണ്ണത്തിൽ മാത്രമേ മറീന മച്ചാൻസിന് ജയിക്കാൻ സാധിച്ചിട്ടുള്ളു. ഐഎസ്എല്ലിൽ ഏറ്റവും അവസാനമായി ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ, ജയം ചെന്നൈയിൻ ഒപ്പമായിരുന്നു. ചെന്നൈയിലെ സ്വന്തം മൈതാനത്ത് വെച്ച് ടീമിന്റെ ജയം മറുപടിയില്ലാത്ത ഒരു ഗോളിന്. അന്ന് വിജയഗോൾ നേടിയ ആകാശ് സംഗ്വാൻ നിലവിൽ ഗോവയുടെ തട്ടകത്തിലാണ്. ആ വിജയത്തിന് മുൻപ്, തുടർച്ചയായ ഏഴ് മത്സരങ്ങളിൽ ചെന്നൈയിൻ എഫ്‌സിക്ക് കേരള ബ്ലാസ്റ്റേഴ്സിനോട് ജയിക്കാൻ സാധിച്ചിട്ടില്ല. നാലെണ്ണം സമനിലയിൽ കളിച്ചപ്പോൾ മൂന്നെണ്ണത്തിൽ തോൽവി വഴങ്ങി.
ഈ തെന്നിന്ത്യൻ റൈവൽറിയുടെ ഏടുകളിൽ ഇടം പിടിക്കാൻ ഞാറാഴ്ച കൊച്ചിയിൽ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം തയ്യാറാകുമ്പോൾ, ഐഎസ്എല്ലിൽ ഇതേവരെ ഇരു ടീമുകളും ഏറ്റുമുട്ടിയ റൈവൽറിയുടെ ചരിത്രത്താളുകൾ ചുവടെ തുറക്കുന്നു.