ഹംഗറി ഫോർവേഡ് ബർണബാസ് വർഗ ശസ്ത്രക്രിയക്ക് വിധേയനായി
യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ഞായറാഴ്ച നടന്ന ഗ്രൂപ്പ് മത്സരത്തിനിടെ മുഖത്തിൻ്റെ അസ്ഥികൾ ഒടിഞ്ഞതിനെ തുടർന്ന് ഹംഗറി സ്ട്രൈക്കർ ബർണബാസ് വർഗയ്ക്ക് ശസ്ത്രക്രിയ നടത്തിയേക്കുമെന്ന് ഹംഗേറിയൻ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു.
“മത്സരത്തിനിടെയുണ്ടായ കൂട്ടിയിടിയിൽ ബർണബാസ് വർഗയുടെ മുഖത്ത് നിരവധി എല്ലുകൾ ഒടിഞ്ഞു, കൂടാതെ അദ്ദേഹത്തിന് മസ്തിഷ്കാഘാതവും സംഭവിച്ചു. ഫെറൻക്വാരോസ് സ്ട്രൈക്കറിന് ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ സാധ്യത കൂടുതലാണ്. സ്റ്റട്ട്ഗാർട്ടിലെ ആശുപത്രിയിൽ അദ്ദേഹം രാത്രി ചെലവഴിക്കുന്നു. മുഴുവൻ ടീമും അവനുവേണ്ടി പ്രാർത്ഥിക്കുകയാണ്.!” ഫെഡറേഷൻ പ്രസ്താവനയിൽ പറഞ്ഞു.
രണ്ടാം പകുതിയുടെ മധ്യത്തിൽ സ്കോട്ടിഷ് ഗോൾകീപ്പർ ആംഗസ് ഗണ്ണുമായി വർഗ കൂട്ടിയിടിച്ചതിനെ തുടർന്ന് ഗ്രൂപ്പ് എ- സ്കോട്ട്ലൻഡ് മത്സരം ഏകദേശം 10 മിനിറ്റോളം നിർത്തിവച്ചു. സ്ട്രെച്ചറിൽ മൈതാനത്ത് നിന്ന് ഇറക്കി ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 29 കാരനായ ഫോർവേഡ് തൻ്റെ രാജ്യത്തിനായി 13 മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകൾ നേടിയിട്ടുണ്ട്.