ടീമിനെ ശക്തിപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ്: വിങ്ങർ ലാൽതൻമാവിയയെ മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവച്ചു
വിങ്ങർ ആർ. ലാൽതൻമാവിയയെ 3 വർഷത്തെ കരാറിൽ 2027 വരെ ഒപ്പുവെച്ചതായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി. ഐ-ലീഗ് ടീമായ ഐസ്വാൾ എഫ്‌സിയിൽ നിന്നാണ് ലാൽതൻമാവിയ കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിലേക്കെത്തുന്നത്. മിസോറാമിൽ ജനിച്ച ലാൽതൻമാവിയ ഐസ്വാൾ എഫ്‌സിയുടെ അണ്ടർ 14 ടീമിൽ പ്രൊഫഷണൽ ഫുട്‌ബോൾ കളിക്കാരനായാണ് തന്റെ കരിയർ ആരംഭിച്ചത്. ശേഷം ക്ലബിന്റെ വികസന സംവിധാനത്തിലൂടെ മുന്നേറിയ ലാൽതൻമാവിയ ഐസ്വാളിന്റെ യൂത്ത് ടീമുകളിലൂടെ പടിപടിയായി ഉയരങ്ങൾ എത്തിപ്പിടിച്ചു. ഒടുവിൽ 2022/23 ഐ-ലീഗ് സീസണിൽ ഐസ്വാൾ എഫ്‌സിയുടെ ഫസ്റ്റ് ടീമിലേക്ക് കടന്ന താരം 20 ഐ-ലീഗ് മത്സരങ്ങൾ കളിക്കുകയും 3 ഗോളുകളും 5 അസിസ്റ്റുകളും നേടുകയും ചെയ്തു.
പിന്നീട്, ഐ-ലീഗ്, സൂപ്പർ കപ്പ് തുടങ്ങിയ മത്സരങ്ങളിൽ ഐസ്വാൾ എഫ്‌സിയെ പ്രതിനിധീകരിച്ച് ടീമിലെ സുപ്രധാന അംഗമായി. 2023/24 ഐ-ലീഗ് സീസണിൽ അദ്ദേഹം 2 ഗോളുകളും 3 അസിസ്റ്റുകളും നേടി. ഐസ്വാൾ എഫ്‌സിക്ക് വേണ്ടി 42 മത്സരങ്ങളിൽ നിന്ന് 5 ഗോളുകളും 8 അസിസ്റ്റുകളും നേടി. സോം കുമാറിനും ലിക്മാബാം രാകേഷിനും ശേഷം സമ്മർ വിൻഡോയിലെ ക്ലബ്ബിന്റെ മൂന്നാമത്തെ ആഭ്യന്തര സൈനിംഗാണ് ലാൽതൻമാവിയ. അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിന്റെ ആക്രമണ മുന്നണിയെ ശക്തിപ്പെടുത്തും, സ്ക്വാഡിന് കൂടുതൽ സാധ്യതകൾ നൽകും. വൈകാതെ ലാൽതൻമാവിയ തായ്‌ലൻഡിലെ തന്റെ ടീം ടീമംഗങ്ങൾക്കൊപ്പം ചേരും. ബ്ലാസ്റ്റേഴ്‌സ് സ്ക്വാഡ് ജൂലൈ 3 മുതൽ വരാനിരിക്കുന്ന സീസണിനായുള്ള പ്രീസീസൺ തയ്യാറെടുപ്പുകൾ ആരംഭിക്കും.