ഐഎസ്എൽ : കേരളാ ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിൽ നടന്ന മത്സരം സമനിലയിൽ
ഒക്ടോബർ 21ന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കേരളാ ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിൽ നടന്ന മത്സരം സമനിലയിൽ കലാശിച്ചു. മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി. മത്സരത്തിലുടനീളം പാസിംഗ് ആക്യൂറസിയിലും ബോൾ പൊസഷനിലുമെല്ലാം കേരളാ ബ്ലാസ്റ്റേഴ്‌സ് ആധിപത്യം പുലർത്തി. മത്സരത്തിൽ നോർത്ത്ഈസ്റ്റ് യൂണൈറ്റഡിനായി നെസ്റ്റർ ആൽബിയച്ചും കേരളാ ബ്ലാസ്റ്റേഴ്സിനായി ഡാനിഷ് ഫാറൂഖ് ഭട്ടും ഗോളുകൾ നേടി.
കഴിഞ്ഞ മത്സരത്തിലെ സ്റ്റാർട്ടിങ് ഇലവനിൽ നിന്ന് നാല് മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് നോർത്തീസ്റ്റ് യുണൈറ്റഡിനെതിരെ ഇറങ്ങിയത്. നവോച്ച സിങ്ങും രണ്ടാം പകുതിയിൽ പകരക്കാരനായി ഇഷാൻ പണ്ഡിതയും ഇറങ്ങി.
ആവേശകരമായ മത്സരത്തിന്റെ പന്ത്രണ്ടാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. ജിതിൻ മഠത്തിലിന്റെ അസിസ്റ്റിൽ ബോക്സിന് മധ്യഭാഗത്തു നിന്നുള്ള നെസ്റ്റർ ആൽബിയച്ചിന്റെ ഇടംകാൽ ഷോട്ട് വലയുടെ ഇടതുമൂല തുളച്ചു. മത്സരത്തിൽ ഒരു ഗോളിന്റെ ലീഡ് നോർത്ത് ഈസ്റ്റ് സ്വന്തമാക്കി. ആദ്യ പകുതി നോർത്ത്ഈസ്റ്റിന്റെ ഒരു ഗോളിന്റെ ലീഡിൽ അവസാനിച്ചു. മത്സരത്തിന്റെ രണ്ടാം പകുതിയുടെ തുടക്കത്തിലാണ് രണ്ടാം ഗോൾ പിറന്നത്. അഡ്രിയാൻ ലൂണയുടെ ഫ്രീകിക്കിൽ ബോക്സിനു മധ്യഭാഗത്തു നിന്നുള്ള ഡാനിഷ് ഫാറൂഖിന്റെ ഹെഡർ വലയുടെ മധ്യഭാഗത്തിന്റെ മുകൾ വശം തൊട്ടു. മത്സരം സമനിലയിലായി. ഡാനീഷ് ഫാറൂഖ് ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിൽ തുടർച്ചയായ രണ്ടാം മത്സരത്തിലാണ് കേരളാ ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടുന്നത്.
സമനിലയോടെ നാലു മത്സരങ്ങളിൽ നിന്ന് ഏഴു പോയിന്റുമായി കേരളാ ബ്ലാസ്റ്റേഴ്‌സ് റാങ്കിങ്ങിൽ നാലാം സ്ഥാനത്തു തുടരുന്നു. നാലു മത്സരങ്ങളിൽ നിന്ന് അഞ്ചു പോയിന്റുമായി നോർത്ത്ഈസ്റ്റ് യുണൈറ്റഡ് റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്താണ്.