മാർക്വിഞ്ഞോസ് ഹെഡറില്‍ ജയം നേടി ബ്രസീല്‍
2026 ലെ ലോകകപ്പ് യോഗ്യതാ ടൂര്‍ണമെന്റില്‍ ഇന്ന് നടന്ന മത്സരത്തിൽ ബ്രസീൽ തങ്ങളുടെ രണ്ടാമത്തെ ജയം നേടി.വെള്ളിയാഴ്ച സ്വന്തം തട്ടകത്തിൽ ബൊളീവിയയെ 5-1ന് തകർത്ത ബ്രസീൽ, ആറ് പോയിന്റുമായി എതിരാളികളായ അർജന്റീനയെ കടത്തിവെട്ടി ഒന്നാം സ്ഥാനം കരസ്ഥമാക്കി.പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് ആണ് സെലക്കാവോ തോല്‍പ്പിച്ചത്.

ഇടക്കാല കോച്ച് ഫെർണാണ്ടോ ദിനിസിന്റെ ടീം കളിയുടെ തുടക്കത്തിൽ തന്നെ പൊസഷനിലും ആക്രമണ അവസരങ്ങളിലും ആധിപത്യം പുലർത്തിയെങ്കിലും ബോള്‍ വലയില്‍ എത്തിക്കാന്‍ കഴിയാതെ അവര്‍ പാടുപ്പെട്ടു.ആദ്യ പകുതിയില്‍ റഫീഞ്ഞയും റിച്ചാർലിസണും നേടിയ ഗോളുകള്‍ റഫറി ഒഫ്സൈഡ് വിളിച്ചു.കളി ഗോൾരഹിത സമനിലയിലേക്ക് നീങ്ങുന്നതിനിടെ 90 ആം മിനുട്ടില്‍ പാരീസ് സെന്റ് ജെർമെയ്‌ൻ ഡിഫൻഡർ മാർക്വിഞ്ഞോസ് നെയ്‌മറിന്റെ കോർണർ കിക്കില്‍ നിന്നും ഒരു മികച്ച ഹെഡറിലൂടെ വിജയ ഗോള്‍ കണ്ടെത്തി.ഒക്ടോബറില്‍ നടക്കാന്‍ പോകുന്ന അടുത്ത യോഗ്യത മല്‍സരത്തില്‍ വെനസ്വേലയാണ് ബ്രസീലിന്‍റെ എതിരാളികള്‍.