മെസ്സിയുടെ അഭാവത്തിലും വിജയം നേടി ഇന്റര്‍ മയാമി
ഇന്ന് രാവിലെ നടന്ന എംഎല്‍എസ് മല്‍സരത്തില്‍ ഇന്റര്‍ മയാമി സ്പോർട്ടിംഗ് കൻസാസ് സിറ്റിക്കെതിരെ 3-2 ന് ജയം നേടി.ദേശീയ ടീം ഡ്യൂട്ടി കാരണം ലയണൽ മെസ്സിയും മറ്റ് ഏഴ് പേരും ഇല്ലാതെ കളിച്ച മയാമി വളരെ മികച്ച രീതിയില്‍ പോരാടി വിലപ്പെട്ട മൂന്നു പോയിന്റ് നേടി.

ഈ വിജയത്തോടെ തോല്‍വി അറിയാതെ മയാമിയുടെ കുതിപ്പ് 12 മല്‍സരങ്ങളോളം നീണ്ടു. ഒന്‍പതാം മിനുട്ടില്‍ സന്ദർശകരെ 1-0ന് മുന്നിലെത്തിച്ചു കൊണ്ട് ഡാനിയൽ സല്ലോ സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.എന്നാല്‍ ഒട്ടും സമ്മര്‍ദം ഇല്ലാതെ മുന്നേറിയ മയാമി 25 ആം മിനുട്ടില്‍ ലിയോനാര്‍ഡോ കാമ്പാനയുടെ പെനാല്‍റ്റി കിക്കിലൂടെ സമനില നേടി.കാമ്പാന തന്നെ 45 ആം മിനുട്ടില്‍ അടുത്ത ഗോള്‍ നേടി മയാമിക്ക് ലീഡ് നേടി കൊടുക്കുകയും ചെയ്തു.രണ്ടാം പകുതിയില്‍ ഫക്കൂണ്ടോ ഫാരിസ്,അലന് പുലിഡോ എന്നിവര്‍ ഇരു ടീമുകള്‍ക്കും വേണ്ടി ഓരോ ഗോള്‍ വീതം നേടി.അടുത്ത ലീഗ് മല്‍സരത്തില്‍ മയാമി അറ്റ്ലാന്റ യുണൈറ്റഡിനെതിരെ കളിയ്ക്കാന്‍ പോകുന്നത്.