നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരെ മികച്ച തിരിച്ചുവരവ് നടത്തി യുണൈറ്റഡ്
ശനിയാഴ്ച ഓൾഡ് ട്രാഫോർഡിൽ നടന്ന പ്രീമിയർ ലീഗ് പോരാട്ടത്തിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരെ ഗംഭീരമായ ഒരു തിരിച്ചുവരവ് നടത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഗില്‍ തങ്ങളുടെ രണ്ടാം ജയം നേടി.ആദ്യ അഞ്ച് മിനിറ്റിനുള്ളിൽ ആതിഥേയര്‍ ഫോറസ്റ്റില്‍ നിന്ന് രണ്ടു ഗോള്‍ വഴങ്ങിയത്തിനു ശേഷമാണ് 3-2 നു ചെകുത്താന്‍മാര്‍ മത്സരം ജയിക്കുന്നത്.
രണ്ടാം മിനുട്ടില്‍ തായ്‌വോ അവോനിയി നേടിയ ഗോളില്‍ ലീഡ് നേടി ഫോറസ്റ്റ് യുണൈറ്റഡിനെ തുടക്കത്തില്‍ തന്നെ ഞെട്ടിച്ചു.രണ്ട് മിനിറ്റിന് ശേഷം ഒരു ഹെഡര്‍ ഗോളോടെ വില്ലി ബോലിയും സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.17 മിനിറ്റില്‍ മാർക്കസ് റാഷ്‌ഫോർഡിന്റെ ക്രോസിൽ നിന്ന് ഒരു മികച്ച ഫിനിഷില്‍ ക്രിസ്റ്റ്യൻ എറിക്സൻ ആണ് യുണൈറ്റഡിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്.52-ാം മിനിറ്റിൽ കാസെമിറോയും സ്കോര്‍ബോര്‍ഡില്‍ ഇടം നേടിയതോടെ കളി സമനിലയില്‍ ആയി.ഫെർണാണ്ടസിനെ വീഴ്ത്തിയതിന് ജോ വോറലിന് ചുവപ്പ് കാർഡ് ലഭിച്ചപ്പോൾ ഫോറസ്റ്റ് 10 പേരായി ചുരുങ്ങി.പത്തു മിനിറ്റിനുശേഷം,റാഷ്ഫോര്‍ഡിനെ ഡാനിലോ ഫൗള്‍ ചെയ്തത് മൂലം ലഭിച്ച പെനാല്‍റ്റി കിക്കില്‍ നിന്നും ഗോള്‍ നേടി ബ്രൂണോ യുണൈറ്റഡിന് വേണ്ടി മൂന്നാം ഗോള്‍ 76 മിനുട്ടില്‍ നേടി.