മുൻ ഓസ്‌ട്രേലിയൻ ടെസ്റ്റ് ക്യാപ്റ്റൻ ടിം പെയിൻ അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് അസിസ്റ്റന്റ് കോച്ചായി ചേര്‍ന്നു
മുൻ ഓസ്‌ട്രേലിയൻ ടെസ്റ്റ് ക്യാപ്റ്റൻ ടിം പെയ്ൻ പുതിയ സീസണിന് മുന്നോടിയായി ബിഗ് ബാഷ് ലീഗ് (ബിബിഎൽ) അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിൽ അസിസ്റ്റന്റ് കോച്ചായി ചേർന്നു. മുൻ ഓസ്‌ട്രേലിയൻ പേസറും സ്‌ട്രൈക്കേഴ്‌സ് പരിശീലകനുമായ ജേസൺ ഗില്ലസ്‌പി, കഴിഞ്ഞ സീസണില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച പെയിൻ ഫ്രാഞ്ചൈസിക്ക് ഗുണകരമാകുമെന്ന് കരുതുന്നതായി വെളിപ്പെടുത്തി.

ഓസ്‌ട്രേലിയൻ ക്രിക്കറ്റിലെ ഏറ്റവും പരിചയസമ്പന്നനായ കളിക്കാരിൽ ഒരാളാണ് പെയിൻ, 18 വർഷത്തെ ഓൺ-ഫീൽഡ് കരിയറിൽ 400-ലധികം പ്രൊഫഷണൽ ഗെയിമുകൾ താരം കളിച്ചിട്ടുണ്ട്.അടുത്തയാഴ്ച ആരംഭിക്കാനിരിക്കുന്ന ന്യൂസിലൻഡ് എക്കെതിരായ പരമ്പരയ്ക്ക് മുന്നോടിയായി ഓസ്‌ട്രേലിയ എയുടെ അസിസ്റ്റന്റ് കോച്ചായും പെയിന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു ടെക്സ്റ്റ് മെസേജ് വിവാദത്തെ തുടർന്ന് കഴിഞ്ഞ വർഷം നവംബറിലാണ് പെയിൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്. ഈ സംഭവത്തിന് ശേഷം തന്റെ മാനസികാരോഗ്യത്തിനായി ഗെയിമിൽ നിന്ന് ഇടവേള എടുക്കുകയാണെന്ന് ബാറ്റർ വെളിപ്പെടുത്തിയിരുന്നു.