പിന്നിൽ നിന്ന ശേഷം ജംഷഡ്പൂരിനെ കീഴടക്കി മുംബൈ.!
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ അപരാജിത കുതിപ്പ് തുടർന്ന് മുംബൈ സിറ്റി എഫ്സി. ജംഷഡ്പൂരിൻ്റെ തട്ടകമായ ജെ.ആർ.ഡി ടാറ്റ കോംപ്ലക്സിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സന്ദർശകരായ മുംബൈ സിറ്റി വിജയം സ്വന്തമാക്കിയത്. ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആയിരുന്നു മത്സരത്തിലെ മുഴുവൻ ഗോളുകളും പിറന്നത്. 63ആം മിനിറ്റിൽ ബോറിസ് സിംഗിലൂടെ ജംഷഡ്പൂരാണ് മത്സരത്തിൽ ആദ്യം ലീഡ് നേടിയത്. അതോടെ മത്സരത്തിൽ സീസണിലെ ആദ്യ പരാജയം മുംബൈ ഏറ്റുവാങ്ങിയേക്കുമെന്ന് ഒരുനിമിഷം ഏവരും കരുതി.
എന്നാൽ 80ആം മിനിറ്റിൽ ലാലിയൻസുവാല ചാങ്തെയിലൂടെ മുംബൈ മത്സരത്തിൽ ഒപ്പമെത്തുകയും തുടർന്ന് 6 മിനിറ്റിൻ്റെ ഇടവേളയിൽ വിക്രം പ്രതാപ് സിങ്ങിലൂടെ വിജയഗോൾ നേടുകയുമായിരുന്നു.

അങ്ങനെ നിമിഷനേരങ്ങൾ കൊണ്ട് മത്സരം മുംബൈക്കൊപ്പമായി. ഒടുവിൽ നിശ്ചിത സമയം അവസാനിച്ചപ്പോൾ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മത്സരം മുംബൈ സ്വന്തമാക്കുകയായിരുന്നു. ഈയൊരു വിജയത്തോടെ സീസണിലെ തോൽവി അറിയാതെയുള്ള തേരോട്ടം തുടരുവാനും ഡസ് ബക്കിംഗ്ഹാമിനും സംഘത്തിനും കഴിഞ്ഞു. ഐ.എസ്.എൽ റെക്കോർഡ് ആണിത് (16). എന്തായാലും 16 മത്സരങ്ങളിൽ നിന്നും 42 പോയിൻ്റുമായി അവർ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. മറുവശത്ത്, അത്രയും മത്സരങ്ങളിൽ നിന്നും കേവലം 9 പോയിൻ്റുമായി ജംഷഡ്പൂർ 10ആം സ്ഥാനത്താണ് ഉള്ളത്.