ജംഷഡ്പൂരിനെ അവരുടെ തട്ടകത്തിൽ തറപറ്റിച്ച് ബംഗളുരു.!
ഇന്ത്യൻ സൂപ്പർ ലീഗിലെ 15ആം റൗണ്ട് പോരാട്ടത്തിൽ ജംഷഡ്പൂരിനെതിരെ ബംഗളുരുവിന് തകർപ്പൻ വിജയം. ജംഷഡ്പൂരിൻ്റെ തട്ടകമായ ജെ.ആർ.ഡി ടാറ്റ കോംപ്ലക്സിൽ അരങ്ങേറിയ പോരാട്ടത്തിൽ എതിരില്ലാത്ത 3 ഗോളുകൾക്കാണ് സന്ദർശകരായ ബംഗളുരു വിജയം സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ രോഹിത് കുമാർ(7′), റോയ് കൃഷ്ണ(34′) എന്നിവരുടെ ഗോളുകളിൽ 2-0ന് മുന്നിലെത്തിയ ബംഗളുരു രണ്ടാം പകുതിയിൽ ശിവശക്തി നാരായണൻ(62′) കൂടി നേടിയ ഗോളൊടെ 3-0ൻ്റെ ആധികാരിക വിജയം സ്വന്തമാക്കുകയായിരുന്നു.


സ്പാനിഷ് താരം ഹാവി ഹെർണാണ്ടെസ് 2 അസിസ്റ്റുകൾ സ്വന്തമാക്കിയപ്പോൾ, ആദ്യ ഗോളിന് വഴിയൊരുക്കിയത് പ്രഭീർ ദാസ് ആയിരുന്നു. ഏകദേശം 25 വാര അകലെ നിന്നും റോയ് കൃഷ്ണ നേടിയ തകർപ്പൻ ഗോളാണ് മത്സരത്തിലെ സുവർണ നിമിഷം. മത്സരത്തിൽ നിരവധി അവസരങ്ങൾ ആതിഥേയരായ ജംഷഡ്പൂർ തുറന്നെടുത്തെങ്കിലും നിർഭാഗ്യവും, ഫിനിഷിങ്ങിലെ പോരായ്മകളും, കൂടാതെ ബംഗളുരുവിൻ്റെ ഉറച്ച പ്രതിരോധവുമെല്ലാം അവർക്ക് വിനയാകുകയായിരുന്നു.
എന്തായാലും ഈയൊരു വിജയത്തോടെ 15 മത്സരങ്ങളിൽ നിന്നും 19 പോയിൻ്റ് നേടിയ ബംഗളുരു 7ആം സ്ഥാനത്തേക്ക് കയറി. അത്രയും മത്സരങ്ങളിൽ നിന്നും 9 പോയിൻ്റുമായി ജംഷഡ്പൂർ 10ആം സ്ഥാനത്താണ് ഉള്ളത്.