റാഷ്ഫോർഡിന് ഡബിൾ; കരബാവോ കപ്പിൽ യുണൈറ്റഡിന് മിന്നും വിജയം.!
സൂപ്പർ താരം മാർക്കസ് റാഷ്ഫോർഡിൻ്റെ ഇരട്ടഗോൾ മികവിൽ കരബാവോ കപ്പിലെ ചാൾട്ടൺ അത്ലറ്റിക് എഫ്സിക്കെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് മിന്നും വിജയം. സ്വന്തം തട്ടകമായ ഓൾഡ് ട്രഫോർഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 3 ഗോളുകൾക്കാണ് ടെൻ ഹാഗിൻ്റെ ശിഷ്യന്മാർ വിജയം സ്വന്തമാക്കിയത്. ആദ്യ പകുതിയുടെ 21ആം മിനിറ്റിൽ ബ്രസീലിയൻ താരം ആൻ്റണിയിലൂടെയാണ് യുണൈറ്റഡ് ആദ്യഗോൾ നേടിയത്. മറ്റൊരു ബ്രസീലിയൻ താരമായ ഫ്രെഡ് ആണ് ഈയൊരു ഗോളിന് വഴിയൊരുക്കിയത്.

ശേഷം ആദ്യ പകുതി 1-0 എന്ന നിലയിൽ അവസാനിച്ചു. തുടർന്ന് രണ്ടാം പകുതിയിലും യുണൈറ്റഡ് ആക്രമണം തുടർന്നെങ്കിലും ചാൾട്ടൺ ഗോൾ വഴങ്ങാതെ പിടിച്ചുനിന്നു. ഒടുവിൽ സബ്സ്റ്റിറ്റ്യൂട്ട് ആയി കളത്തിൽ ഇറങ്ങിയ മാർക്കസ് റാഷ്ഫോർഡ് 90,90+4 മിനിറ്റുകളിൽ വല കുലുക്കുകയായിരുന്നു. താരത്തിൻ്റെ ആദ്യ ഗോളിന് പെല്ലിസ്ട്രി പങ്കാളിയായപ്പോൾ, രണ്ടാം ഗോളിന് വഴിയൊരുക്കിയത് കാസെമിറോയായിരുന്നു. അങ്ങനെ നിശ്ചിത സമയം പിന്നിട്ടപ്പോൾ ആതിഥേയർ എതിരില്ലാത്ത 3 ഗോളുകൾക്ക് മത്സരം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. ഈയൊരു വിജയത്തോടെ ടൂർണമെൻ്റിൻ്റെ സെമി ഫൈനലിലേക്ക് പ്രവേശിക്കുവാൻ യുണൈറ്റഡിന് കഴിഞ്ഞു.