മൗറീഷ്യോയുടെ ഇരട്ടഗോൾ മികവിൽ ഈസ്റ്റ് ബംഗാളിനെ തകർത്ത് ഒഡീഷ.!
ഈസ്റ്റ് ബംഗാളിനെതിരെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം വിജയം പിടിച്ചുവാങ്ങി ഒഡീഷ എഫ്സി. സ്വന്തം തട്ടകമായ കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഒഡീഷ വിജയം സ്വന്തമാക്കിയത്. മത്സരത്തിൻ്റെ 10ആം മിനിറ്റിൽ തന്നെ ക്ലെയ്റ്റൺ സിൽവയിലൂടെ സന്ദർശകരായ ഈസ്റ്റ് ബംഗാൾ ലീഡ് നേടി. എന്നാൽ അവർക്ക് അധികനേരം ആശ്വസിക്കാൻ വകയുണ്ടായിരുന്നില്ല.

22ആം മിനിറ്റിൽ തന്നെ ഡിയെഗോ മൗറീഷ്യോയിലൂടെ ഒഡീഷ മത്സരത്തിലേക്ക് തിരിച്ചുവന്നു. ശേഷം ആദ്യപകുതിയുടെ അധിക സമയത്ത് നന്ദകുമാർ നേടിയ വണ്ടർ ഗോളിൽ ഒഡീഷ മത്സരത്തിൽ ലീഡ് എടുത്തു. തുടർന്ന് 53ആം മിനിറ്റിൽ മൗറീഷ്യോ തൻ്റെ രണ്ടാമത്തെ ഗോൾ കൂടെ നേടിയതോടെ മത്സരം ഒഡീഷയുടെ വരുതിയിലായി. ഗോൾ മടക്കാനായി ഈസ്റ്റ് ബംഗാൾ ശ്രമങ്ങൾ നടത്തിയെങ്കിലും എല്ലാം വിഭലവുമായി. ഒടുവിൽ 3-1 എന്ന സ്കോറിന് മത്സരം ഒഡീഷ സ്വന്തമാക്കുകയായിരുന്നു.

ഈയൊരു വിജയത്തോടെ 13 മത്സരങ്ങളിൽ നിന്നും 22 പോയിൻ്റുമായി ഒഡീഷ 5ആം സ്ഥാനത്തേക്ക് കയറി. ഒരു മത്സരം കുറച്ചു കളിച്ചിട്ടുള്ള ഈസ്റ്റ് ബംഗാൾ 12 പോയിൻ്റുമായി 9ആം സ്ഥാനത്ത് തന്നെ തുടരുകയാണ്.