സൂപ്പർതാരനിരയുടെ അഭാവത്തിലും ഫ്രഞ്ച് കപ്പിൽ പി.എസ്.ജിക്ക് മിന്നും വിജയം.!
ഫ്രഞ്ച് കപ്പിലെ റൗണ്ട് ഓഫ് 64 പോരാട്ടത്തിൽ വമ്പന്മാരായ പി.എസ്.ജിയ്ക്ക് മിന്നും വിജയം. തേർഡ് ഡിവഷൻ ക്ലബായ ചാറ്റൊറോക്സിനെതിരെ അവരുടെ തട്ടകത്തിൽ വെച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പാരീസിയൻസ് വിജയം സ്വന്തമാക്കിയത്. 13ആം മിനിറ്റിൽ ഹ്യൂഗോ എക്കിറ്റിക്കെയും, 78ആം മിനിറ്റിൽ കാർലോസ് സോളറും, ഇഞ്ചുറി ടൈമിൽ യുവാൻ ബെർനാറ്റുമാണ് പി.എസ്.ജിക്കായി വലകുലുക്കിയത്. ചാറ്റോറോക്സിനായി നതാനയൽ എൻ്റൊല്ലയാണ്(37) ആശ്വാസ ഗോൾ നേടിയത്.

ഒടുവിൽ നിശ്ചിതസമയം പിന്നട്ടപ്പോൾ ഒന്നിനെതിരെ 3 ഗോളുകൾക്ക് സന്ദർശകരായ പി.എസ്.ജി വിജയം സ്വന്തമാക്കുകയായിരുന്നു. സൂപ്പർ താരങ്ങളായ മെസ്സി, നെയ്മർ, എമ്പാപ്പെ, വെറാറ്റി, ഹക്കിമി, ഡോണരുമ്മ തുടങ്ങി ഒരുപാട് പ്രധാന താരങ്ങൾക്ക് വിശ്രമം നൽകിക്കൊണ്ടാണ് പി.എസ്.ജി ഈയൊരു മത്സരത്തിന് ഇറങ്ങിയത്. എന്തായാലും ഈയൊരു മികച്ച വിജയത്തോടെ ഫ്രഞ്ച് കപ്പിൻ്റെ റൗണ്ട് 32ലേക്ക് യോഗ്യത നേടുവാൻ പാരീസിയൻസിനായി.