എഫ്.എ കപ്പിൽ എവർട്ടണിനെ തകർത്ത് യുണൈറ്റഡ്.!
എഫ്.എ കപ്പിലെ സൂപ്പർ പോരാട്ടത്തിൽ എവർട്ടണിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് മിന്നും വിജയം. സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോർഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ 3 ഗോളുകൾക്കാണ് ആതിഥേയർ വിജയം സ്വന്തമാക്കിയത്. സൂപ്പർതാരം മാർക്കസ് റാഷ്ഫോർഡ് ഗോളും അസിസ്റ്റും നേടിക്കൊണ്ട് തിളങ്ങി. റാഷ്ഫോർഡിനെ കൂടാതെ ബ്രസീലിയൻ താരം ആൻ്റണിയാണ് യുണൈറ്റഡിനായി സ്കോർ ചെയ്തത്.. ശേഷിച്ച ഗോൾ എവർടൺ താരം കോഡിയുടെ വക സെൽഫ്ഗോൾ ആയിരുന്നു. മത്സരത്തിൻ്റെ നാലാം മിനിറ്റിലാണ് ആൻ്റണിയുടെ ഗോൾ പിറക്കുന്നത്.

ശേഷം പുരോഗമിച്ച മത്സരത്തിൽ 74ആം മിനിറ്റിൽ എവർട്ടൺ വീണ്ടും ഒപ്പമെത്തിയെങ്കിലും വാർ പരിശോധനയിൽ അത് ഓഫ്സൈഡായി മാറി. ഒടുവിൽ ഇഞ്ചുറി ടൈമിൻ്റെ അവസാന നിമിഷം ഗർനാച്ചോയെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനൽറ്റി ലക്ഷ്യത്തിൽ എത്തിച്ചുകൊണ്ട് റാഷ്ഫോർഡ് യുണൈറ്റഡിൻ്റെ ഗോൾപട്ടിക പൂർത്തിയാക്കി. അങ്ങനെ നിശ്ചിതസമയം പിന്നിട്ടപ്പോൾ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആതിഥേയർ വിജയം സ്വന്തമാക്കുകയായിരുന്നു.

3 ഗോളുകളുടെ പിന്നിലും പങ്കാളിത്തമുള്ള മാർക്കസ് റാഷ്ഫോർഡ് തന്നെയാണ് കളിയിലെ താരം.