ഇഞ്ചുറി ടൈം ഗോളിൽ നോർത്ത് ഈസ്റ്റിനെ കീഴടക്കി ബംഗളുരു.!
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന അതിവാശിയേറിയ പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ കീഴടക്കി ബംഗളുരു എഫ്സി. നോർത്ത് ഈസ്റ്റിൻ്റെ തട്ടകമായ ഇന്ദിരാ ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്കാണ് സന്ദർശകരായ ബംഗളുരു വിജയം സ്വന്തമാക്കിയത്. ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാംപകുതിയിൽ ആയിരുന്നു മത്സരത്തിലെ മുഴുവൻ ഗോളുകളും പിറന്നത്.

50ആം മിനിറ്റിൽ ശിവശക്തി നാരായണൻ്റെ ഗോളിൽ ബംഗളുരുവാണ് മത്സരത്തിൽ ആദ്യം ലീഡ് നേടിയത്. പരാഗ് ശ്രീവാസാണ് ഈയൊരു ഗോളിന് വഴിയൊരുക്കിയത്. എന്നാൽ അധികനേരം ലീഡ് കൈവശം വെക്കുവാൻ അവർക്കായില്ല. 66ആം മിനിറ്റിൽ ഫിലിപ്പത്തുവിലൂടെ നോർത്ത് ഈസ്റ്റ് ഗോൾ മടക്കി. ഒരു ഫ്രീകിക്കിൽ നിന്നുമാണ് താരം വലകുലുക്കിയത്. സ്കോർ 1-1. തുടർന്ന് പുരോഗമിച്ച മത്സരത്തിൽ വിജയഗോൾ നേടുവാനുള്ള നിരന്തര പരിശ്രമങ്ങൾക്കൊടുവിൽ ഇഞ്ചുറി ടൈമിൻ്റെ നാലാം മിനിറ്റിൽ അലൻ കോസ്റ്റയിലൂടെ ബംഗളുരു മത്സരം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു.

ഉദാന്ത സിംഗിൻ്റെ ക്രോസിൽ നിന്നും ഒരു തകർപ്പൻ ഹെഡ്ഡറിലൂടെയാണ് കോസ്റ്റ വിജയഗോൾ സ്വന്തമാക്കിയത്. അവസാന നിമിഷം നേടിയ ഈയൊരു മിന്നും വിജയത്തോടെ 13 മത്സരങ്ങളിൽ നിന്നും 13 പോയിൻ്റുമായി ബംഗളുരു 8ആം സ്ഥാനത്തേക്ക് കയറി. 13ൽ 12ഉം പരാജയപ്പെട്ട നോർത്ത് ഈസ്റ്റ് കേവലം 3 പോയിൻ്റ് മാത്രമായി അവസാന സ്ഥാനത്ത് തുടരുകയാണ്.