EPL 2022 European Football Foot Ball Top News

മാഹ്റെസിൻ്റെ ഏക ഗോളിൽ ചെൽസിയെ മറികടന്ന് സിറ്റി.!

January 6, 2023

author:

മാഹ്റെസിൻ്റെ ഏക ഗോളിൽ ചെൽസിയെ മറികടന്ന് സിറ്റി.!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന അതിവാശിയേറിയ പോരാട്ടത്തിൽ ചെൽസിക്കെതിരെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന പോരാട്ടത്തിൽ രണ്ടാം പകുതിയിലെ റിയാദ് മാഹ്റെസിൻ്റെ ഏകഗോളിലാണ് ആതിഥേയരായ ചെൽസിയെ സിറ്റി കീഴടക്കിയത്. ആദ്യപകുതിയിൽ ഇരുടീമുകൾക്കും ഗോൾ നേടുവാനുള്ള അവസരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും അതൊന്നും ലക്ഷ്യത്തിലേക്ക് എത്തിക്കാൻ അവർക്ക് കഴിഞ്ഞില്ല. 5ആം മിനിറ്റിൽ സ്റ്റെർലിങും, 22ആം മിനിറ്റിൽ പുലിസിച്ചും പരിക്കേറ്റ് പുറത്തായത് ചെൽസിക്ക് തിരിച്ചടിയായി.

തുടർന്ന് രണ്ടാം പകുതിയിൽ സിറ്റി മത്സരത്തിൻ്റെ നിയന്ത്രണം പൂർണമായി ഏറ്റെടുത്തു. ചെൽസിക്ക് പന്ത് നൽകാതെയുള്ള പൊസെഷൻ കീപ് ചെയ്തുള്ള അറ്റാക്കും അതോടൊപ്പം ഹൈപ്രസ്സിങ്ങും. നിരന്തര ആക്രമണങ്ങൾക്കൊടുവിൽ അത് ഫലം ചെയ്തെന്ന് വേണം പറയാൻ. 60ആം മിനിറ്റിൽ പെപ്പ് നടത്തിയ 2 സബ്സ്റ്റിറ്റ്യൂഷനുകൾ കളിയിൽ നിർണായകമാകുകയായിരുന്നു. കളത്തിലിറങ്ങി 3 മിനിറ്റ് തികഞ്ഞപ്പൊഴേക്കും റിയാദ് മാഹ്റെസ് വലകുലുക്കി. അതിന് വഴിയൊരുക്കിയത് മാഹ്റെസിനൊപ്പം കളത്തിലേക്ക് വന്ന ജാക്ക് ഗ്രീലിഷ്.

ഒരു സൂപ്പർസബ് കോംബോ ഗോൾ എന്നുതന്നെ വിശേഷിപ്പിക്കാം. ലീഡ് നേടിയ സിറ്റി മയത്തിൽ കളിയിലെ നിയന്ത്രണം അയച്ചു. പിന്നീട് ചെൽസിയുടെ ഗോൾ മടക്കാനുള്ള ശ്രമങ്ങളായിരുന്നു അധികവും. എന്നാൽ മറ്റ് ഗോളുകൾ ഒന്നും തന്നെ നിർഭാഗ്യവശാൽ മത്സരത്തിൽ പിറന്നില്ല. ഒടുവിൽ നിശ്ചിതസമയം അവസാനിച്ചപ്പോൾ ഏകപക്ഷീയമായ ഒരു ഗോളിന് സിറ്റി ചെൽസിക്ക് മേൽ വിജയം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. ഈയൊരു വിജയത്തോടെ രണ്ടാം സ്ഥാനത്തുള്ള സിറ്റിക്ക് 17 മത്സരങ്ങളിൽ നിന്നും 37 പോയിൻ്റായി.

മറുവശത്ത് മറ്റൊരു തോൽവി കൂടി ഏറ്റുവാങ്ങിയ ചെൽസി 17 മത്സരങ്ങളിൽ നിന്നും കേവലം 25 പോയിൻ്റുമായി 10ആം സ്ഥാനത്താണുള്ളത്. ഈ കണക്കിന് ആണ് പോക്കെങ്കിൽ അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് കളിക്കാൻ ചെൽസി ഉണ്ടാവില്ല. കാരണം, അവർക്ക് ഇനി ടോപ് ഫോറിൽ എത്തണമെങ്കിൽ വളരെ പ്രയാസമാണ്. എന്തായാലും നമുക്ക് കാത്തിരുന്നു കാണാം.

Leave a comment