ഐ.എസ്.എല്ലിൽ ഹൈദരാബാദ് ഇന്ന് നോർത്ത് ഈസ്റ്റിനെ നേരിടും.!
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്സി ഇന്ന് അവസാന സ്ഥാനക്കാരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. വൈകിട്ട് 7.30ന് കിക്കോഫ് ആകുന്ന മത്സരം ഹൈദരാബാദിൻ്റെ തട്ടകമായ ഗച്ചിബൗളി സ്റ്റേഡിയത്തിൽ വെച്ചാകും അരങ്ങേറുക. അവസാന 3 മത്സരങ്ങളും വിജയിച്ചു കൊണ്ടാണ് ഹൈദരാബാദിൻ്റെ വരവ്. ഈ 3 കളികളിൽ നിന്നും 8 ഗോളുകൾ നേടുവാനും അവർക്കായി. നിലവിൽ 11 മത്സരങ്ങളിൽ നിന്നും 25 പോയിൻ്റുമായി രണ്ടാം സ്ഥാനത്താണ് മനോലോ മാർക്കസിൻ്റെ ശിഷ്യന്മാർ ഉള്ളത്. 22 പോയിൻ്റിൻ്റെ വ്യത്യാസമാണ് നോർത്ത് ഈസ്റ്റും ഹൈദരബാദും തമ്മിലുള്ളത്.

സീസണിൽ തുടർച്ചയായ 10 പരാജയങ്ങൾക്ക് ശേഷം കഴിഞ്ഞ മത്സരത്തിലാണ് നോർത്ത് ഈസ്റ്റ് ആദ്യവിജയം സ്വന്തമാക്കിയത്. എ.ടി.കെ മോഹൻ ബഗാനാണ് നോർത്ത് ഈസ്റ്റിന് മുന്നിൽ മുട്ടുമടക്കിയത്. ആദ്യ വിജയം നേടിയ ആത്മവിശ്വാസത്തിൽ ഇന്ന് ഹൈദരാബാദിനെ കീഴടക്കാൻ കഴിയുമെന്നാണ് വടക്ക് കിഴക്കൻ ടീമിൻ്റെ പ്രതീക്ഷ. എന്തായാലും അതിവാശിയേറിയൊരു പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം.