നെയ്മറിന് റെഡ്കാർഡ്; സ്ട്രാസ്ബർഗിനെതിരെ കഷ്ടിച്ച് ജയിച്ചുകയറി പി.എസ്.ജി.!
ലീഗ് 1ൽ ലോകകപ്പ് ഇടവേളയ്ക്ക് ശേഷം നടന്ന മത്സരത്തിൽ വമ്പന്മാരായ പി.എസ്.ജിയ്ക്ക് വിജയം. സ്വന്തം തട്ടകമായ പാർക് ഡെസ് പ്രിൻസസിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സ്ട്രാസ്ബർഗിനെയാണ് ഗാൾട്ടിയെറും സംഘവും കീഴടക്കിയത്. മത്സരത്തിൻ്റെ 14ആം മിനിറ്റിൽ തന്നെ പി.എസ്.ജി ലീഡ് നേടി. നെയ്മറിൻ്റെ ഫ്രീകിക്കിൽ നിന്നും ഒരു ഹെഡ്ഡറിലൂടെ മാർക്ക്വീഞ്ഞോസാണ് വലകുലുക്കിയത്. ആദ്യപകുതിയിൽ കൂടുതൽ ഗോളുകൾ ഒന്നുംതന്നെ പിറന്നില്ല. തുടർന്ന് രണ്ടാം പകുതിയിൽ 51ആം മിനിറ്റിൽ സ്ട്രാസ്ബർഗ് ഗോൾ മടക്കി. തോമസോണിൻ്റെ ക്രോസ് മാർക്ക്വീഞ്ഞോസിൻ്റെ ദേഹത്ത് തട്ടി സെൽഫ് ഗോൾ ആവുകയായിരുന്നു. അതോടെ മത്സരം 1-1 എന്ന നിലയിലായി.

ശേഷം 62ആം മിനിറ്റിൽ സൂപ്പർതാരം നെയ്മർ ജൂനിയർ റെഡ്കാർഡ് കണ്ട് പുറത്തുപോയി. പെനൽറ്റിക്കായി ബോക്സിൽ ഡൈവ് ചെയ്തതിനാണ് റഫറി താരത്തിന് രണ്ടാം മഞ്ഞക്കാർഡ് നൽകിയത്. ശേഷിച്ച സമയം 10 പേരുമായാണ് ആതിഥേയർ മത്സരം പൂർത്തിയാക്കിയത്. ഒടുവിൽ ഇഞ്ചുറി ടൈമിൻ്റെ അവസാന നിമിഷം ലഭിച്ച പെനൽറ്റി ഗോളാക്കിക്കൊണ്ട് എമ്പാപ്പെ പി.എസ്.ജിയെ വിജയത്തിൽ എത്തിക്കുകയായിരുന്നു. താരം തന്നെയായിരുന്നു പെനൽറ്റി നേടിയെടുത്തതും. അങ്ങനെ നിശ്ചിതസമയം അവസാനിച്ചപ്പോൾ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പാരീസിയൻസ് വിജയം സ്വന്തമാക്കി. ഈയൊരു വിജയത്തോടെ 16 മത്സരങ്ങളിൽ നിന്നും 44 പോയിൻ്റുമായി ഒന്നാം സ്ഥാനത്ത് ലീഡ് വർധിപ്പിക്കാൻ പി.എസ്.ജിയ്ക്ക് സാധിച്ചു.

അത്രയും മത്സരങ്ങളിൽ നിന്നും കേവലം 11 പോയിൻ്റ് മാത്രമായി 19ആം സ്ഥാനത്താണ് നിലവിൽ സ്ട്രാസ്ബർഗ്.
സൂപ്പർതാരം ലയണൽ മെസ്സി ടീമിനോടൊപ്പം ചേരാത്തതിനാലാണ് ഈയൊരു മത്സരത്തിൽ ഇല്ലാതിരുന്നത്. ന്യൂഇയറിന് ശേഷം മാത്രമേ താരം പാരീസിൽ എത്തുകയുള്ളൂ.