പുതുതുടക്കത്തിനായി ലിവർപൂൾ; എതിരാളികൾ ആസ്റ്റൺ വില്ല.!
പ്രീമിയർ ലീഗിൽ ഒരു പുത്തൻ തുടക്കത്തിനായി കരുത്തരായ ലിവർപൂൾ ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി 11 മണിക്ക് നടക്കുന്ന പോരാട്ടത്തിൽ ആസ്റ്റൺ വില്ലയേയാണ് ക്ലോപ്പിൻ്റെ ശിഷ്യന്മാർ നേരിടുക. സ്വന്തം തട്ടകമായ വില്ല പാർക്കിൽ നടക്കുന്ന മത്സരമായത് കൊണ്ടുതന്നെ ലിവർപൂളിനെ തടുത്ത് നിർത്താമെന്ന പ്രതീക്ഷയിലാണ് ഉനായ് എമെറിയും സംഘവുമുള്ളത്. സീസണിൽ ഇതിനോടകം 4 മത്സരങ്ങളിൽ ലിവർപൂൾ തോൽവി വഴങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കിരീടപ്പോരാട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്സനലിനേക്കാൾ 15 പോയിൻ്റ് പിന്നിലാണ് ലിവർപൂൾ ഉള്ളത്. അതിനാൽ ടോപ് 4ലേക്ക് പ്രവേശിക്കുക എന്നത് മാത്രമാകും നിലവിൽ ക്ലോപ്പിൻ്റെ ലക്ഷ്യം.

കഴിഞ്ഞ ദിവസം നടന്ന കരബാവോ കപ്പിലെ മത്സരത്തിൽ സിറ്റിയോട് പരാജയം ഏറ്റുവാങ്ങിക്കൊണ്ടാണ് അവർ ഇന്നത്തെ മത്സരത്തിനായി തയ്യാർ എടുക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷമുള്ള ലീഗ് മത്സരമായതിനാൽ ഒരു മികച്ച പുതുതുടക്കം ലക്ഷ്യമിട്ടാണ് അവർ കളത്തിലിറങ്ങുന്നത്. ആസ്റ്റൺ വില്ലയിൽ ഇന്ന് ഗോൾവല കാക്കുവാൻ എമിലിയാനോ മാർട്ടിനെസ് ഉണ്ടാകില്ല. താരം ഇതുവരെ ടീമിനോടൊപ്പം ചേർന്നിട്ടില്ല. ബാക്കിയുള്ള താരങ്ങൾ എല്ലാവരും തന്നെ ഇന്നത്തെ മത്സരത്തിൽ ലഭ്യമാണ്. നിലവിൽ 14 മത്സരങ്ങളിൽ 22 പോയിൻ്റുമായി ലിവർപൂൾ ആറാം സ്ഥാനത്തും 15 മത്സരങ്ങൾ പൂർത്തിയാക്കിയ ആസ്റ്റൺ വില്ല 18 പോയിൻ്റുമായി 12ആം സ്ഥാനത്തുമാണുള്ളത്. എന്തായാലും മികച്ചൊരു മത്സരം തന്നെ നമുക്ക് പ്രതീക്ഷിക്കാം.