2023 സ്ക്വാഡ്; ലഖ്നൗ സൂപ്പർ ജയൻ്റ്സ്.!
ഐ.പി.എല്ലിലേക്ക് വന്ന ആദ്യ സീസണിൽ തന്നെ മികച്ച പ്രകടനമാണ് ടീം നടത്തിയത്. എന്നാൽ പ്ലേഓഫിൽ കലമുടച്ചു. അതിനെല്ലാം ഈയൊരു സീസണിൽ പരിഹാരം കണ്ടെത്താൻ ആകും ടീമിൻ്റെ ശ്രമം. 16 കോടി രൂപയ്ക്ക് മിനി ഓക്ഷനിൽ ടീമിലേക്ക് എത്തിയ നിക്കോളാസ് പൂരനാണ് ടീമിൻ്റെ പുതിയ ആകർഷണം. കെ.എൽ രാഹുൽ നയിക്കുന്ന ടീമിൽ ഏറ്റവുമധികം ഉള്ളത് ഓൾറൗണ്ടെഴ്സ് ആണ്. 4 പേർ മാത്രമാണ് സ്പെഷലിസ്റ്റ് ബാറ്റ്സ്മാൻമാർ. രാഹുൽ, ഡികോക്ക്, വോഹ്റ, പൂരൻ എന്നിവരാണ് ടീമിലെ 4 സ്പെഷലിസ്റ്റ് ബാറ്റ്സ്മാൻമാർ.

ഇവരോടൊപ്പം മാർക്കസ് സ്റ്റോയിനിസ്, ക്രുനാൽ പാണ്ഡ്യ, ദീപക് ഹൂഡ, ഡാനിയേൽ സാംസ്, കെയ്ൽ മയേഴ്സ്, റൊമാരിയോ ഷെഫേർഡ്, ആയുഷ് ബദോണി, കൃഷ്ണപ്പ ഗൗതം തുടങ്ങിയ ഓൾറൗണ്ട് താരങ്ങൾ കൂടിയാകുമ്പോൾ ടീം കൂടുതൽ സന്തുലിതമാകും. ബൗളിംഗ് നിരയും ഒട്ടും മോശമല്ല. മാർക്ക് വുഡ്, ആവേശ് ഖാൻ, രവി ബിഷ്ണോയി, മോഹ്സിൻ ഖാൻ, നവീൻ ഉൾ ഹഖ് തുടങ്ങിയവരാണ് ബൗളിംഗിലെ പ്രധാനപ്പെട്ട താരങ്ങൾ. എന്തായാലും സർവമേഖലയിലും കരുത്തുറ്റ താരങ്ങൾ തന്നെയാണ് ലുഖനൗവിനുള്ളത്. കഴിഞ്ഞ സീസണിൽ സംഭവിച്ച പിഴവുകളെല്ലാം തിരുത്തിക്കൊണ്ട് മികച്ചൊരു മുന്നേറ്റം നടത്താം എന്ന പ്രതീക്ഷയിലാണ് അവർ പുതിയ സീസണിനായി തയ്യാറെടുക്കുന്നത്.