ആദ്യവിജയം എന്ന സ്വപ്നവുമായി നോർത്ത് ഈസ്റ്റ്; എതിരാളികൾ ഗോവ.!
ഹീറോ ഇന്ത്യൻ സൂപ്പർലീഗിൽ സീസണിലെ ആദ്യവിജയം സ്വപ്നം കണ്ടുകൊണ്ട് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ന് കളത്തിലിറങ്ങുകയാണ്. എതിരാളികൾ കരുത്തരായ ഗോവയാണ്. വൈകിട്ട് 7.30ന് കിക്കോഫ് ആകുന്ന മത്സരം ഗോവയുടെ മൈതാനമായ ഫറ്റോർഡ സ്റ്റേഡിയത്തിൽ വെച്ചാകും നടക്കുക. കടലാസിൽ കരുത്തർ ആണെങ്കിൽ പോലും ഇതിനോടകം 4 തോൽവികൾ അവർ വഴങ്ങിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ നോർത്ത് ഈസ്റ്റിനെ തകർത്തുകൊണ്ട് ഫോം വീണ്ടെടുക്കാനാകും കാർലോസ് പെനയും സംഘവും ശ്രമിക്കുക.

മറുവശത്ത് ഐ.എസ്.എൽ ചരിത്രത്തിലെ ഏറ്റവും മോശം റെക്കോർഡുകൾ സ്വന്തം പേരിൽ ആക്കിക്കൊണ്ടാണ് നോർത്ത് ഈസ്റ്റ് മുമ്പോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഒരു പോയിൻ്റ് പോലും അവർക്ക് ഇതുവരെ നേടുവാൻ കഴിഞ്ഞിട്ടില്ല. കളിച്ച 9 മത്സരങ്ങളിലും പരാജയമായിരുന്നു ഫലം. ഐ.എസ്.എല്ലിൽ ആദ്യമായാണ് ഒരു ടീം 9 മത്സരങ്ങൾ തുടർച്ചയായി പരാജയപ്പെടുന്നത്. കൂടാതെ സീസണിലെ ആദ്യ 9 മത്സരങ്ങൾ പരാജയപ്പെടുന്ന ഏകടീമും നോർത്ത് ഈസ്റ്റ് തന്നെയാണ്. ഈയൊരു നാണക്കേട് എങ്ങനെയും അവസാനിപ്പിക്കുക എന്നതാവും അവരുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ വിജയത്തിൽ കുറഞ്ഞതൊന്നും നോർത്ത് ഈസ്റ്റ് ലക്ഷ്യമിടില്ല. മറുവശത്ത് 9 മത്സരങ്ങളിൽ നിന്നും 15 പോയിൻ്റുമായി 6ആം സ്ഥാനത്താണ് ഗോവയുള്ളത്. എന്തായാലും അതിവാശിയേറിയൊരു പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം.