താഴേത്തട്ടിൽ ഉള്ളവരുടെ പോരാട്ടം; ബംഗളുരു, ജംഷഡ്പൂരുമായി കൊമ്പുകോർക്കും.!
ഹീറോ ഇന്ത്യൻ സൂപ്പർലീഗിൽ ഇന്ന് ടേബിളിലെ താഴേത്തട്ടുകാരുടെ പോരാട്ടമാണ് അരങ്ങേറാൻ പോകുന്നത്. വൈകിട്ട് 5.30ന് കിക്കോഫ് ആകുന്ന മത്സരത്തിൽ ബംഗളുരു എഫ്സി, ജംഷഡ്പൂർ എഫ്സിയെ നേരിടും. ബംഗളുരുവിൻ്റെ തട്ടകമായ ശ്രീകണ്ടീരവ സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക. ഇരുടീമുകൾക്കും നേരിയ പ്ലേയ് ഓഫ് സാധ്യതകൾ മാത്രമാണ് അവശേഷിക്കുന്നത്. ബംഗളുരു 6 മത്സരങ്ങൾ പരാജയപ്പെട്ടപ്പോൾ, ജംഷഡ്പൂർ 9ൽ 7 എണ്ണത്തിലും പരാജയം രുചിക്കുകയായിരുന്നു.

ഇനി അവശേഷിക്കുന്ന മത്സരങ്ങളിൽ നിന്നും മാക്സിമം പോയിൻ്റുകൾ സ്വന്തമാക്കിയെങ്കിൽ മാത്രമേ പ്ലേയ് ഓഫ് സ്വപ്നം പൂവണിയിക്കാൻ ഇരുടീമുകൾക്കും കഴിയുകയുള്ളൂ. തുടർച്ചയായ 6 പരാജയങ്ങൾക്ക് ശേഷമാണ് ജംഷഡ്പൂർ ഇന്നത്തെ മത്സരത്തിനായി തയ്യാറെടുക്കുന്നത്. അതേസമയം അവസാനം നടന്ന 2 മത്സരങ്ങളിലും തോൽവി വഴങ്ങിക്കൊണ്ടാണ് ബംഗളുരുവിൻ്റെയും വരവ്. നിലവിൽ 9 മത്സരങ്ങളിൽ നിന്നും 7 പോയിൻ്റുമായി ബംഗളുരു 9ആം സ്ഥാനത്തും, അത്രയും മത്സരങ്ങളിൽ നിന്നും കേവലം 4 പോയിൻ്റ് മാത്രമായി ജംഷഡ്പൂർ 10ആം സ്ഥാനത്തുമാണ്.