മൂന്നാംസ്ഥാനം ലക്ഷ്യം വെച്ച് ക്രൊയേഷ്യയും, മൊറോക്കോയും ഇന്ന് നേർക്കുനേർ.!
ലോകകപ്പിലെ മൂന്നാം സ്ഥാനത്തിനായുള്ള പ്ലേയ് ഓഫ് മത്സരത്തിനായി ക്രൊയേഷ്യയും, മൊറോക്കോയും ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി 8.30ന് ഖലീഫ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക. ആദ്യ സെമിയിൽ അർജൻ്റീനയോട് എതിരില്ലാത്ത 3 ഗോളുകൾക്ക് അടിയറവ് പറഞ്ഞുകൊണ്ടാണ് ക്രൊയേഷ്യയുടെ വരവ്. അതേസമയം, മൊറോക്കോ ഏകപക്ഷീയമായ 2 ഗോളുകൾക്ക് ഫ്രാൻസിനോട് പരാജയപ്പെടുകയായിരുന്നു.
എന്തായാലും ഇന്ന് വിജയം സ്വന്തമാക്കിക്കൊണ്ട് മൂന്നാംസ്ഥാനം നേടിയെടുക്കുക എന്നത് മാത്രമാകും ഇരുടീമുകളുടെയും ലക്ഷ്യം. അർജൻ്റീനക്കെതിരെയുള്ള സെമിപോരാട്ടത്തിൽ പരിക്കേറ്റ ക്രൊയേഷ്യൻ വിങ്ബാക്ക് താരം ജുരാനോവിച്ച് ഇന്നത്തെ മത്സരത്തിൽ ഉണ്ടായേക്കില്ലെന്ന് ആണ് അറിയുവാൻ കഴിയുന്നത്. മൊറോക്കൻ നിരയിൽ പ്രശ്നങ്ങൾ ഒന്നും തന്നെയില്ല. ഒരേ ഗ്രൂപ്പിൽ നിന്നുമായിരുന്നു ഇരുടീമുകളും സെമിഫൈനൽ വരെയെത്തിയത്. ഗ്രൂപ്പ് സ്റ്റേജിൽ ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഗോൾരഹിത സമനിലയായിരുന്നു ഫലം.
അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിൽ വ്യക്തമായൊരു മുൻതൂക്കം ആർക്കാവും എന്ന് പ്രവചിക്കുക ബുദ്ധിമുട്ട് ആണ്. ലോകകപ്പ് ചരിത്രത്തിൽ ആഫ്രിക്കയിൽ നിന്നും സെമിയിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീം ആയിരുന്നു മൊറോക്കോ. ഇന്ന് ക്രൊയേഷ്യയെ കീഴടക്കി മൂന്നാംസ്ഥാനം സ്വന്തമാക്കാൻ കഴിഞ്ഞാൽ അത് അവർക്ക് ഇരട്ടിമധുരമാകും സമ്മാനിക്കുക. മറുവശത്ത് ലോകകപ്പിലെ തൻ്റെ അവസാന മത്സരത്തിനായി തയ്യാറെടുക്കുന്ന മോഡ്രിച്ചിന് ഒരു അർഹിച്ച പടിയിറക്കം സമ്മാനിക്കുവാൻ ആകും ക്രൊയേഷ്യൻ പട ശ്രമിക്കുക. എന്തായാലും ആരാകും ഖത്തറിലെ മൂന്നാം സ്ഥാനക്കാർ എന്നറിയാൻ നമുക്ക് ആകാംഷയോടെ കാത്തിരിക്കാം.