നന്ദകുമാറിന് റെഡ്കാർഡ്; ഒഡീഷയെ തകർത്ത് ഗോവ.!
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന ഒൻപതാം റൗണ്ട് പോരാട്ടത്തിൽ ഒഡീഷ എഫ്സിക്കെതിരെ എഫ്സി ഗോവയ്ക്ക് തകർപ്പൻ വിജയം. സ്വന്തം തട്ടകമായ ഫറ്റോർഡാ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഗോളുകൾക്കാണ് ഗോവ ഒഡീഷയെ തകർത്തുവിട്ടത്. ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആയിരുന്നു മത്സരത്തിലെ 3 ഗോളുകളും പിറന്നത്. 65ആം മിനിറ്റിൽ ഒഡീഷയുടെ മുന്നേറ്റനിരതാരം നന്ദകുമാർ ശേഖർ രണ്ടാം മഞ്ഞക്കാർഡിലൂടെ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതാണ് മത്സരത്തിൽ വഴിത്തിരിവ് ആയത്. അതോടെ 10 പേരായി ചുരുങ്ങിയ ഒഡീഷ പതറി. അവസരം മുതലെടുത്ത ഗോവ 3 ഗോളുകളാണ് ഒഡീഷൻ വലയിലേക്ക് അടിച്ചുകയറ്റിയത്.

74ആം മിനിറ്റിൽ ബ്രണ്ടൻ ഫെർണാണ്ടസും, 78ആം മിനിറ്റിൽ നോവ സഡോയിയും ഗോവക്കായി ലക്ഷ്യം കണ്ടതോടെ മത്സരം ഒഡീഷയുടെ കൈവിട്ടുപോയി. ഒടുവിൽ അവസാന ആണിയടിക്കൽ എന്നോണം അൽവാരോ വാസ്ക്കസ് കൂടി സ്കോർ ചെയ്തതോടെ മത്സരം ഏകപക്ഷീയമായ 3 ഗോളുകൾക്ക് ആതിഥേയരായ ഗോവ സ്വന്തമാക്കുകയായിരുന്നു. ഈയൊരു തകർപ്പൻ വിജയത്തോടെ 9 മത്സരങ്ങളിൽ നിന്നും 15 പോയിൻ്റുമായി ഗോവ ബ്ലാസ്റ്റേഴ്സിനെ മറികടന്ന് അഞ്ചാം സ്ഥാനത്തേക്ക് കയറി. അത്രയും മത്സരങ്ങളിൽ നിന്നും 18 പോയിൻ്റുമായി ഒഡീഷ 4ആം സ്ഥാനത്താണ്.
ഒരു ഗോൾ നേടുകയും 2 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്ത നോവ സഡോയിയാണ് മത്സരത്തിലെ താരം.