Foot Ball qatar worldcup Top News

എമി രക്ഷകനായി; ഷൂട്ടൗട്ടിൽ നെതർലൻഡ്സിനെ കീഴടക്കി അർജൻ്റീന സെമിയിൽ.!

December 10, 2022

author:

എമി രക്ഷകനായി; ഷൂട്ടൗട്ടിൽ നെതർലൻഡ്സിനെ കീഴടക്കി അർജൻ്റീന സെമിയിൽ.!

ലോകകപ്പിൽ നടന്ന അതിവാശിയേറിയ രണ്ടാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നെതർലൻഡ്സിനെ കീഴടക്കി അർജൻ്റീന. ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിശ്ചിതസമയവും അധികസമയവും ഇരുടീമുകളും 2 ഗോളുകൾ വീതം നേടിക്കൊണ്ട് സമനില പാലിക്കുകയായിരുന്നു. അർജൻ്റീനയ്ക്കായി നിഹ്വെൽ മൊളീനയും, ലയണൽ മെസ്സിയും വലകുലുക്കിയപ്പോൾ നെതർലൻഡ്സിനായി വൂട് വെഗോർസ്റ്റ് ഇരട്ടഗോളുകൾ നേടി. ഒന്നാം പകുതിയുടെ 35ആം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോൾ പിറക്കുന്നത്. ഡച്ച് പ്രതിരോധത്തെ കബളിപ്പിച്ച് കൊണ്ടുള്ള മെസ്സിയുടെ മികച്ചൊരു പാസ് സ്വീകരിച്ച് വിങ്ബാക്ക് താരം നിഹ്വെൽ മൊളീന അർജൻ്റീനയ്ക്കായി വലകുലുക്കുകയായിരുന്നു.

അസാമാന്യ പാസും തകർപ്പൻ ഫിനിഷും. അതോടെ ആദ്യപകുതി അർജൻ്റീനയ്ക്കൊപ്പമായി. നെതർലാൻഡ്സിന് എടുത്ത് പറയാൻ ഒന്നും തന്നെ ആദ്യ പകുതിയിൽ ഉണ്ടായിരുന്നില്ല. അങ്ങനെ 1-0 എന്ന നിലയിൽ ഇരുടീമുകളും ഇടവേളയ്ക്ക് പിരിഞ്ഞു. തുടർന്ന് രണ്ടാം പകുതിയുടെ 73ആം മിനിറ്റിൽ ഡച്ച്താരം ഡുംഫ്രൈസ് അക്യുനയെ ബോക്സിൽ വീഴ്ത്തിയതിന് അർജൻ്റീനയ്ക്ക് അനുകൂലമായി റഫറി പെനൽറ്റി വിധിച്ചു. കിക്ക് എടുത്ത മെസ്സിക്ക് പിഴച്ചില്ല. ഗോൾകീപ്പർ നൊപ്പേർട്ടിനെ വെറും കാഴ്ചക്കാരൻ ആക്കി പന്ത് വലയിൽ. സ്കോർ 2-0.

ആൽബിസെലസ്റ്റിയൻസ് വിജയം ഉറപ്പിച്ച നിമിഷം. എന്നാൽ കളി കാണാൻ ഇരിക്കുന്നതെ ഉണ്ടായിരുന്നുള്ളൂ. തിരിച്ചടിക്കാൻ ഉറച്ച് നെതർലൻഡ്സ് ആക്രമണം ശക്തമാക്കി. അതിൻ്റെ ഫലമായി 83ആം മിനിറ്റിൽ വെഗോർസ്റ്റിലൂടെ നെതർലൻഡ്സ് ഒരു ഗോൾ മടക്കി. ബെർഹൗസിൻ്റെ ക്രോസിൽ നിന്നും ഹെഡ്ഡറിലൂടെയാണ് താരം വലകുലുക്കിയത്. അതോടെ കളിക്ക് അൽപ്പം വാശി കൂടി.. തുടർന്ന് മത്സരം അവസാനിക്കാൻ ഒരു മിനിറ്റ് മാത്രം അവശേഷിക്കെ അർജൻ്റീനയെ ഞെട്ടിച്ചുകൊണ്ട് ഡച്ച് പട സമനിലഗോൾ സ്വന്തമാക്കി. കൂപ്മെയ്നാർസ് എടുത്ത ഫ്രീകിക്ക് ആണ് ഈയൊരു ഗോളിന് വഴിയൊരുക്കിയത്.

ഒരു ക്രോസോ, കിക്കോ പ്രതീക്ഷിച്ചു നിന്ന അർജൻ്റൈൻ വാളിനെ കബളിപ്പിച്ച് കൊണ്ട് മെയ്നാർസ് നിലംപറ്റെയുള്ള ഒരു പാസിലൂടെ പന്ത് വെഗോർസ്റ്റിന് കൈമാറി. താരത്തിൻ്റെ ഷോട്ട് എമിലിയാനോ മാർട്ടിനെസിനെ മറികടന്ന് വലയിൽ. സ്കോർ 2-2. കയ്യിൽ ഇരുന്ന കളി കൈവിട്ടെന്ന് ഓരോ അർജൻ്റൈൻ ആരാധകനും തോന്നിയിട്ടുണ്ടാകാം. അതിന് പിന്നാലെ തന്നെ നിശ്ചിതസമയം അവസാനിച്ചു. തുടർന്ന് എക്സ്ട്രാ ടൈമിലേക്ക് മത്സരം നീട്ടിയെങ്കിലും ഇരുടീമുകൾക്കും ഗോളുകൾ ഒന്നും നേടുവാൻ കഴിഞ്ഞില്ല.ഈയൊരു ചുരുങ്ങിയ സമയം കൊണ്ട് അർജൻ്റീന നിരവധി അവസരങ്ങൾ സൃഷ്ടിച്ച് എടുത്തെങ്കിലും നിർഭാഗ്യവശാൽ അതൊന്നും ഗോൾ ആയി മാറിയില്ല. ഭാഗ്യം കൂടെയില്ലെന്ന് അവർക്ക് തോന്നിയിട്ടുണ്ടാകാം. കാരണം കേവലം 2 ഷോട്ടുകൾ മാത്രം ഓൺ ടാർഗറ്റിൽ അടിച്ച നെതർലൻഡ്സിന് 2ഉം ഗോളാക്കി മാറ്റുവാൻ കഴിഞ്ഞു. അതേസമയം ഗോളെന്ന് ഉറച്ച നിരവധി അവസരങ്ങൾ അർജൻ്റീനക്ക് നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് സമനിലയായതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീട്ടി.

നെതർലൻഡ്സിൻ്റെ വാൻ ഡേയ്ക്ക്, ബെർഹൗസ് എന്നിവരുടെ കിക്കുകൾ തടുത്തിട്ട് കൊണ്ട് എമിലിയാനോ മാർട്ടിനെസ് മതിലായി നിന്നു. തുടർന്ന് വന്ന കൂപ്മെയ്നേഴ്സ്, വെഗോർസ്റ്റ്, ലൂക് ഡിയോങ് എന്നിവർ ലക്ഷ്യം കണ്ടെങ്കിലും ഫലമുണ്ടായില്ല. അർജൻ്റീനയ്ക്കായി മെസ്സി, പരേഡെസ്, മോണ്ടിയേൽ, ലൗത്താരോ എന്നിവർ ലക്ഷ്യം കണ്ടതോടെ മത്സരം അർജൻ്റീന സ്വന്തമാക്കുകയായിരുന്നു. എൻസോ ഫെർണാണ്ടസ് മാത്രമാണ് അർജൻ്റൈൻ നിരയിൽ പെനൽറ്റി പാഴാക്കിയത്. അതോടെ ഒരിക്കൽ കൂടി നെതർലൻഡ്സ് അർജൻ്റീനയ്ക്ക് മുന്നിൽ തലകുനിക്കുകയായിരുന്നു. 2014ലെ സെമിഫൈനലിലും, ഇത്തവണത്തെ ക്വാർട്ടർ ഫൈനലിലും പെനൽറ്റി ഷൂട്ടൗട്ടിൽ തന്നെ അർജൻ്റീന നെതർലൻഡ്സിൻ്റെ വിധിയെഴുതി.

 

ഒരുവശത്ത് ഓരോ ഗോളും, അസിസ്റ്റുമായി സാക്ഷാൽ ലയണൽ മെസ്സി മിന്നിത്തിളങ്ങിയപ്പോൾ മറുവശത്ത് 2 പെനൽറ്റികൾ സേവ് ചെയ്തുകൊണ്ട് എമിലിയാനോ മാർട്ടിനെസും കരുത്ത് കാണിച്ചു. ഈയൊരു മിന്നും വിജയത്തോടെ സെമിഫൈനൽ യോഗ്യത നേടുവാൻ അർജൻ്റീനയ്ക്ക് സാധിച്ചു.

കളി പലപ്പോഴും പരിക്കനാകുന്ന കാഴ്ചയാണ് മത്സരത്തിലുടനീളം കണ്ടത്. മൊത്തം 14 യെല്ലോ കാർഡുകൾ റഫറിക്ക് ഈയൊരു മത്സരത്തിൽ പുറത്തെടുക്കേണ്ടി വന്നു. മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച ലയണൽ മെസ്സി ഒരിക്കൽകൂടി മത്സരത്തിലെ മികച്ചതാരമായി തിരഞ്ഞെടുക്കപ്പെട്ടു.

വരുന്ന ബുധനാഴ്ച പുലർച്ചെ ക്രൊയേഷ്യയുമായാണ് സെമിയിൽ സ്കലോണിയും സംഘവും കൊമ്പുകോർക്കുക. ബ്രസീലിനെ ഷൂട്ടൗട്ടിൽ മറികടന്നുകൊണ്ടാണ് ക്രൊയേഷ്യ സെമിയിൽ പ്രവേശിച്ചത്.

Leave a comment