ഒന്നാംസ്ഥാനം തിരിച്ചുപിടിക്കാൻ ഹൈദരാബാദ്; എതിരാളികൾ ഈസ്റ്റ് ബംഗാൾ.!
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഒന്നാംസ്ഥാനം ലക്ഷ്യം വെച്ചുകൊണ്ട് നിലവിലെ ചാംപ്യൻമാരായ ഹൈദരാബാദ് എഫ്സി ഇന്ന് കളത്തിലിറങ്ങുകയാണ്. വൈകിട്ട് 7.30ന് ഹൈദരാബാദിൻ്റെ തന്നെ തട്ടകമായ ഗച്ചിബൗളി സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളാണ് എതിരാളികൾ. ഇന്ന് വിജയിക്കാൻ കഴിഞ്ഞാൽ മുംബൈ സിറ്റി എഫ്സിയെ മറികടന്ന് ഹൈദരാബാദിന് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ കഴിയും. അവസാന മത്സരത്തിൽ ചെന്നൈയിൻ എഫ്സിയെ കീഴടക്കിക്കൊണ്ടാണ് ഹൈദരാബാദിൻ്റെ വരവ്.

അതേസമയം, ഏറ്റവുമൊടുവിൽ നടന്ന മത്സരത്തിൽ ജംഷഡ്പൂരിനെ തകർത്തുകൊണ്ടാണ് ഈസ്റ്റ് ബംഗാൾ ഇന്നത്തെ മത്സരത്തിനായി എത്തുന്നത്. ഈയൊരു വിജയത്തുടർച്ച ലക്ഷ്യമിട്ടാണ് ഇരുടീമുകളും ഇന്ന് കൊമ്പുകോർക്കാൻ ഒരുങ്ങുന്നത്. നിലവിൽ 9 മത്സരങ്ങളിൽ നിന്നും 19 പോയിൻ്റുമായി ഹൈദരാബാദ് രണ്ടാം സ്ഥാനത്തും, 8 മത്സരങ്ങളിൽ നിന്നും 9 പോയിൻ്റ് നേടിയ ഈസ്റ്റ് ബംഗാൾ എട്ടാം സ്ഥാനത്തുമാണ് ഉള്ളത്. എന്തായാലും ഒന്നാം സ്ഥാനം സ്വന്തമാക്കാൻ ഒഗ്ബെച്ചെയുടെ നേതൃത്വത്തിൽ ഹൈദരാബാദും, ടേബിളിൽ മുന്നേറ്റം നടത്താൻ ക്ലെയ്റ്റൺ സിൽവയുടെ നേതൃത്വത്തിൽ ഈസ്റ്റ് ബംഗാളും എത്തുമ്പോൾ അതിവാശിയേറിയൊരു പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം.