Foot Ball qatar worldcup Top News

ലുസൈലിൽ വിജയം ആവർത്തിക്കാൻ അർജൻ്റീന; കണക്ക് തീർക്കാൻ നെതർലൻഡ്സ്.!

December 9, 2022

author:

ലുസൈലിൽ വിജയം ആവർത്തിക്കാൻ അർജൻ്റീന; കണക്ക് തീർക്കാൻ നെതർലൻഡ്സ്.!

ഖത്തറിൽ ഇന്നൊരു തീപാറും പോരാട്ടത്തിനാണ് ദോഹയിലെ ലുസൈൽ സ്റ്റേഡിയം സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഇന്ത്യൻ സമയം അർദ്ധരാത്രി 12.30ന് അരങ്ങേറുന്ന രണ്ടാം ക്വാർട്ടർഫൈനൽ മത്സരത്തിൽ വമ്പന്മാരായ അർജൻ്റീനയും, നെതർലൻഡ്സും തമ്മിൽ കൊമ്പുകോർക്കും. 2014 ബ്രസീൽ ലോകകപ്പിലെ സെമിഫൈനൽ മത്സരത്തിൻ്റെ തനിയാവർത്തനമാണ് ഇന്ന് നടക്കുവാൻ പോകുന്നത്. അന്ന് നെതർലൻഡ്സിനെ പെനൽറ്റി ഷൂട്ടൗട്ടിൽ മറികടന്നുകൊണ്ടാണ് അർജൻ്റീന ഫൈനലിലേക്ക് പ്രവേശിച്ചത്.

ആ ഒരു തോൽവിക്ക് കണക്ക് തീർക്കാൻ ഉറച്ചാവും ഇന്ന് ലൂയിസ് വാൻ ഗാലിൻ്റെ നേതൃത്വത്തിൽ ഓറഞ്ചുപട കളത്തിലിറങ്ങുക. ഗ്രൂപ്പ് ഘട്ടത്തിൽ അപരാജിതരായിക്കൊണ്ടാണ് അവരുടെ വരവ്. കൂടാതെ അവസാനം കളിച്ച 2 ലോകകപ്പിലെ കണക്കുകളും അവർക്ക് പ്രതീക്ഷകൾ നൽകുന്നു. 2010ലെ ലോകകപ്പിൽ ഫൈനലിൽ പ്രവേശിച്ച ഡച്ച് ടീം, 2014ൽ സെമി ഫൈനൽ വരെയെത്തി. എന്നാൽ 2018ൽ അവർക്ക് യോഗ്യത നേടുവാൻ കഴിഞ്ഞില്ല. വാൻ ഡെയ്ക്ക്, ഡിയോങ്, ഡിപേയ്, ഡുംഫ്രൈസ്, ഗാക്പോ, ഡിലിറ്റ്, ക്ലാസൻ, ബ്ലൈൻഡ് തുടങ്ങിയ യൂറോപ്പിലെ കരുത്തരായ താരങ്ങളുമായി എത്തുന്ന നെതർലൻഡ്സിന് അർജൻ്റീനയെ മറികടക്കുക എന്നത് അസാധ്യമാല്ല.

മറുവശത്ത് 2014ൽ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട കിരീടം ഇത്തവണ സ്വന്തമാക്കാൻ ഉറച്ചാണ് ലയണൽ സ്‌കലോണിയും സംഘവും ഇന്നത്തെ മത്സരത്തിനായി ഇറങ്ങുന്നത്. ഒപ്പം സൂപ്പർ താരം ലയണൽ മെസ്സിയുടെ അവസാന ലോകകപ്പ് ആയേക്കാം ഇതെന്ന കാരണം കൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിൽ സർവ്വതും മറന്നുള്ള പോരാട്ടം തന്നെ ആൽബിസെലസ്റ്റിയൻസ് പുറത്തെടുക്കും. ലോകകപ്പിനേക്കാൾ വലിയ എന്ത് സമ്മാനമാണ് മെസ്സി എന്ന താരത്തിന് അവർക്ക് നൽകാൻ കഴിയുക.

ഈയൊരു സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ സൗദിയോട് തോറ്റ അർജൻ്റീന പിന്നീട് നടന്ന മത്സരത്തിൽ മെക്സിക്കോയെ കീഴടക്കിയിരുന്നു. ആ ഒരു മികവ് ആവർത്തിക്കാനാകും മെസ്സിയുടേയും സംഘത്തിൻ്റെയും ശ്രമം. അതേസമയം അവരുടെ മധ്യനിരയിലെ മിന്നുംതാരമായ റോഡ്രിഗോ ഡി പോൾ ഇന്നത്തെ മത്സരത്തിൽ ഉണ്ടാകുമോ എന്നുള്ള കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. താരത്തിൻ്റെ മസിലിന് ചെറിയ പ്രശ്നങ്ങൾ ഉള്ളതിനാൽ തനിച്ചാണ് താരം ഇന്നലെയെല്ലാം ട്രെയിനിംഗ് നടത്തിയത്.

ഡിപോളിന് കളിക്കുവാൻ കഴിഞ്ഞില്ലെങ്കിൽ അത് അർജൻ്റീനയ്ക്ക് വലിയ തിരിച്ചടിയാകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്തായാലും താരം കളിക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. ഇരുവരും തമ്മിൽ ഏറ്റവും ഒടുവിൽ പോരടിച്ച 5 മത്സരങ്ങളിൽ ഇരുടീമുകളും 2 വിജയങ്ങൾ വീതം നേടി. ഒരു മത്സരം സമനിലയാകുകയും ചെയ്തു. ഇന്ന് പരാജയപ്പെടുന്നവർ ലോകകപ്പിൽ നിന്നും പുറത്താകുമെന്ന സാഹചര്യം നിലനിൽക്കെ ഒരു ജീവന്മരണ പോരാട്ടം തന്നെ നമുക്ക് കാണുവാൻ കഴിയും. ബ്രസീൽ-ക്രൊയേഷ്യ മത്സരത്തിലെ വിജയികളെയാകും ഈയൊരു മത്സരത്തിലെ വിജയികൾ സെമിഫൈനലിൽ നേരിടുക.

അതുകൊണ്ടുതന്നെ ഒരു അർജൻ്റീന-ബ്രസീൽ സ്വപ്നസെമിക്കുള്ള സാധ്യതകളും നിലനിൽക്കുന്നുണ്ട്. എന്തായാലും 2014ലെ സെമിയിൽ ഏറ്റ തോൽവിക്ക് കണക്ക് തീർക്കാൻ ഡച്ച് പട തയ്യാറെടുക്കുമ്പോൾ മെസ്സിയുടെയും സംഘത്തിൻ്റെയും മറുപടി എങ്ങനെയാകുമെന്ന് നമുക്ക് കണ്ടുതന്നെ അറിയാം.

Leave a comment