സൗത്ത് കൊറിയയെ തകർത്ത് ക്വാർട്ടറിൽ കടന്ന് കാനറിപ്പട.!
ലോകകപ്പിൽ നടന്ന ആറാം പ്രീക്വാർട്ടർ മത്സരത്തിൽ സൗത്ത് കൊറിയക്കെതിരെ ബ്രസീലിന് തകർപ്പൻ വിജയം. 974 സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ടിറ്റെയും സംഘവും ആധികാരിക വിജയം സ്വന്തമാക്കിയത്. വിജയത്തോടെ ക്വാർട്ടറിലേക്ക് കാലെടുത്ത് വെക്കുവാനും കാനറിപ്പടയ്ക്ക് കഴിഞ്ഞു. ആദ്യ പകുതിയിലാണ് ബ്രസീലിൻ്റെ നാല് ഗോളുകളും പിറന്നത്. ഏഴാം മിനിറ്റിൽ വിനിഷ്യസ് ജൂനിയർ ആയിരുന്നു ഗോൾവേട്ടയ്ക്ക് തുടക്കം കുറിച്ചത്. റാഫിഞ്ഞയുടെ ക്രോസ് പിടിച്ചെടുത്ത് വിനി തൊടുത്ത ഷോട്ട് പോസ്റ്റിൻ്റെ ഇടത് മൂലയിൽ പതിച്ചു.

അധികം വൈകാതെ 13ആം മിനിറ്റിൽ തന്നെ ബ്രസീലിന് അനുകൂലമായി മത്സരത്തിൽ പെനൽറ്റി. റിച്ചാർലിസണിനെ ബോക്സിൽ വീഴ്ത്തിയതിന് ആയിരുന്നു റഫറി പെനൽറ്റി വിധിച്ചത്. കിക്കെടുത്ത നെയ്മറിന് പിഴച്ചില്ല. സ്കോർ 2-0. പിന്നീട് 29ആം മിനിറ്റിൽ റിച്ചാർലിസണും, 36ആം മിനിറ്റിൽ പക്ക്വേറ്റയും കൂടി സ്കോർ ചെയ്തതോടെ ആദ്യ പകുതിയിൽ തന്നെ ബ്രസീലിൻ്റെ പട്ടിക പൂർത്തിയായി. തിയാഗോ സിൽവ റിച്ചയുടെ ഗോളിന് വഴിയൊരുക്കിയപ്പോൾ, പക്ക്വേറ്റയുടെ ഗോളിന് വിനിഷ്യസ് ആണ് പങ്കാളിയായത്. അതോടെ 4-0 എന്ന നിലയിൽ ആദ്യ പകുതിക്ക് വിരാമമായി.

45 മിനിറ്റ് കൂടി ബാക്കിയുണ്ടായിരുന്നതിനാൽ ഒരു ഗോൾമഴ തന്നെയാണ് ബ്രസീലിയൻ ആരാധകർ സ്വപ്നം കണ്ടത്. എന്നാൽ രണ്ടാം പകുതിയിൽ ബ്രസീലിനെ ഗോളടിക്കാൻ അനുവദിക്കാതെ കൊറിയ പിടിച്ചുകെട്ടുകയായിരുന്നു. ഇതിനിടയിൽ 76ആം മിനിറ്റിൽ പയിക് സ്യുങ് കൊറിയയ്ക്കായി ആശ്വാസഗോൾ സ്വന്തമാക്കി. ബോക്സിന് വെളിയിൽ നിന്നും ഒരു ഹാഫ് വോളിയിലൂടെയാണ് താരം വലകുലുക്കിയത്. തുടർന്നുള്ള സമയവും ഇരു ടീമുകൾക്കും അവസരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും ഗോളുകൾ ഒന്നും തന്നെ പിറന്നില്ല. ഒടുവിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് കാനറിപ്പട വിജയം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു.

ഈയൊരു വിജയത്തോടെ ആധികാരികമായി ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിക്കുവാനും അവർക്ക് സാധിച്ചു. ക്രൊയേഷ്യയെയാണ് ബ്രസീൽ ക്വാർട്ടറിൽ നേരിടുക. പരാജയപ്പെട്ട് കൊറിയ ലോകകപ്പിൽ നിന്നും പുറത്തായെങ്കിലും മികച്ച പ്രകടനം മത്സരത്തിൽ കാഴ്ചവെക്കാൻ അവർക്ക് കഴിഞ്ഞിരുന്നു. നിർഭാഗ്യവും, ഫിനിഷിങ്ങിലെ പോരായ്മകളും കൊണ്ടാണ് കൂടുതൽ ഗോളുകൾ നേടുവാൻ അവർക്ക് കഴിയാതെ പോയത്. എന്തായാലും പോർച്ചുഗൽ, ഉറുഗ്വായ്, ഘാന തുടങ്ങിയ മികച്ച ടീമുകൾ അണിനിരന്ന ഗ്രൂപ്പിൽ നിന്നും പ്രീക്വാർട്ടറിലേക്ക് കടക്കുവാൻ കഴിഞ്ഞതിൽ അവർക്ക് അഭിമാനിക്കാം.

ഇന്നത്തെ മത്സരത്തോടെ ഇതുവരെയുള്ള 4 മത്സരങ്ങളിലായി സ്ക്വാഡിലെ 26 താരങ്ങൾക്കും ടിറ്റെ അവസരം നൽകുകയുണ്ടായി. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം സ്ക്വാഡിലെ എല്ലാ താരങ്ങൾക്കും അവസരം നൽകുന്നത്. പരിക്കിന് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ നെയ്മർ മികച്ച പ്രകടനം തന്നെയാണ് മത്സരത്തിൽ കാഴ്ച വെച്ചത്. ഒരു ഗോൾ നേടുവാനും താരത്തിനായി. കൂടാതെ നെയ്മറുടെ സാന്നിധ്യം ടീമിനെ കൂടുതൽ കരുത്തുറ്റതാക്കി എന്നുവേണം പറയാൻ.