Foot Ball qatar worldcup Top News

എമ്പാപ്പെ നിറഞ്ഞാടി; പോളണ്ടിനെ തകർത്ത് ഫ്രാൻസ്.!

December 4, 2022

author:

എമ്പാപ്പെ നിറഞ്ഞാടി; പോളണ്ടിനെ തകർത്ത് ഫ്രാൻസ്.!

ലോകകപ്പിൽ നടന്ന മൂന്നാം പ്രീക്വാർട്ടർ മത്സരത്തിൽ പോളണ്ടിനെതിരെ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിന് തകർപ്പൻ വിജയം. അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഫ്രഞ്ച്പട വിജയം സ്വന്തമാക്കിയത്. രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിക്കൊണ്ട് സൂപ്പർതാരം കിലിയാൻ എമ്പാപ്പെ മത്സരത്തിൽ നിറഞ്ഞാടി. ഗോൾരഹിതമായി മുന്നേറിക്കൊണ്ടിരുന്ന ആദ്യപകുതിയിൽ ഇടവേളയ്ക്ക് പിരിയുന്നതിൻ്റെ തൊട്ടുമുമ്പാണ് ഫ്രാൻസിൻ്റെ ആദ്യ ഗോൾ പിറക്കുന്നത്. എമ്പാപ്പെയുടെ പാസിൽ നിന്നും ഒലിവർ ജിറൗഡാണ് സ്കോർ ചെയ്തത്.

താരത്തിൻ്റെ ഫ്രാൻസിന് വേണ്ടിയുള്ള 52ആമത്തെ ഗോളായിരുന്നു ഇത്. അതോടെ തിയറി ഹെൻറിയെ(51) മറികടന്ന് ടീമിൻ്റെ ഓൾ ടൈം ടോപ് സ്കോറർ ആകുവാനും താരത്തിന് കഴിഞ്ഞു. അങ്ങനെ ആദ്യ പകുതി 1-0 എന്ന നിലയിൽ അവസാനിച്ചു. ശേഷം രണ്ടാം പകുതിയുടെ 74ആം മിനിറ്റിൽ എമ്പാപ്പെയിലൂടെ ഫ്രാൻസ് ലീഡ് ഇരട്ടിപ്പിച്ചു. ഡെമ്പെലെ നൽകിയ പാസിൽ നിന്നും ഒരു പവർഫുൾ ഷോട്ടിലൂടെ താരം ഷെസ്നിയെ മറികടക്കുകയായിരുന്നു. അതോടെ മത്സരം പൂർണമായും ഫ്രാൻസിൻ്റെ വരുതിയിലായി. തുടർന്ന് ഇഞ്ചുറി ടൈമിൻ്റെ ആദ്യ മിനിറ്റിൽ എമ്പാപ്പെ തൻ്റെ ഇരട്ടഗോൾ നേട്ടം പൂർത്തിയാക്കി.

ആദ്യ ഗോളിലേത് പോലെതന്നെ ഒരു പവർഫുൾ ഷോട്ടിലൂടെയാണ് താരം ഇത്തവണയും സ്കോർ ചെയ്തത്. ആദ്യ ഗോൾ പോസ്റ്റിൻ്റെ വലത് മൂലയിൽ എങ്കിൽ രണ്ടാം ഗോൾ ഇടത് മൂലയിൽ ആയിരുന്നെന്ന് മാത്രം. അസാമാന്യ പ്രകടനം എന്നുതന്നെ പറയാം. തുറാം ആയിരുന്നു ഈയൊരു ഗോളിന് വഴിയിരുക്കിയത്. അതോടെ മത്സരം അവസാനിച്ചെന്ന് കരുതിയതാണ്. എന്നാൽ അവസാന മിനിറ്റിൽ പോളണ്ടിന് അനുകൂലമായി മത്സരത്തിൽ പെനൽറ്റി ലഭിക്കുകയുണ്ടായി. പ്രതിരോധ താരം ഉപമെക്കാനോയുടെ കയ്യിൽ പന്ത് തട്ടിയതിന് ആയിരുന്നു റഫറി വാറിൻ്റെ സഹായത്തോടെ പോളണ്ടിന് പെനൽറ്റി നൽകിയത്. കിക്ക് എടുത്ത ലെവണ്ടോസ്കിക്ക് ആദ്യം പിഴച്ചെങ്കിലും കിക്കിനു മുന്നേ ഫ്രഞ്ച് ഗോൾകീപ്പർ ലോറിസ് ഗോൾ ലൈനിന് മുന്നിലേക്ക് കടന്നതിനാൽ റഫറി റീകിക്ക് വിധിച്ചു. ഇത്തവണ ലെവയ്ക്ക് പിഴച്ചില്ല. സ്കോർ 3-1.

അതിന് പിന്നാലെ തന്നെ മത്സരത്തിന് തിരിശീല വീണു. തോറ്റെങ്കിലും മികച്ച പ്രകടനം തന്നെയാണ് പോളണ്ട് പുറത്തെടുത്തത്. ഒരുപിടി ഗോൾ അവസരങ്ങൾ അവർ സൃഷ്ടിച്ച് എടുത്തിരുന്നെങ്കിലും ഒന്നും ഗോളിലേക്ക് വഴിതിരിച്ചുവിടാൻ കഴിയാതിരുന്നത് അവർക്ക് നിരാശയായി. അങ്ങനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് നിലവിലെ ചാംപ്യൻമാരായ ഫ്രാൻസ് പോളണ്ടിനെ കീഴടക്കുകയായിരുന്നു. ഈയൊരു വിജയത്തോടെ ക്വാർട്ടർഫൈനലിലേക്ക് കടക്കുവാൻ ദെഷാംപ്സിനും സംഘത്തിനും കഴിഞ്ഞു. നടക്കാനിരിക്കുന്ന ഇംഗ്ലണ്ട്-സെനഗൽ മത്സരത്തിലെ വിജയികളെയാകും ഫ്രാൻസ് ക്വാർട്ടറിൽ നേരിടുക. പരാജയം ഏറ്റുവാങ്ങിയ പോളണ്ട് ലോകകപ്പിൽ നിന്നും പുറത്തായി.

മത്സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുക്കുകയും, 2 ഗോളുകളും ഒരു അസിസ്റ്റും നേടുകയും ചെയ്ത കിലിയാൻ എമ്പാപ്പെ തന്നെയാണ് കളിയിലെ താരം.

Leave a comment