പ്രീക്വാർട്ടർ അങ്കത്തിൽ നിലവിലെ ചാമ്പ്യന്മാർ ഇന്ന് പോളണ്ടിനെതിരെ.!
ലോകകപ്പിലെ പ്രീക്വാർട്ടർ മത്സരങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. നെതർലാൻഡ്സ്, അർജൻ്റീന തുടങ്ങിയ ടീമുകൾ ഇതിനോടകം തന്നെ ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. ഇന്ന് നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് തങ്ങളുടെ പ്രീക്വാർട്ടർ മത്സരത്തിനായി ഇറങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി 8.30 ന് അൽ തുമാമ സ്റ്റേഡിയത്തിൽ വെച്ച് അരങ്ങേറുന്ന മത്സരത്തിൽ അവർ പോളണ്ടിനെ നേരിടും. ഗ്രൂപ്പ് ഡിയിൽ നിന്നും ഒന്നാം സ്ഥാനക്കാരായിക്കൊണ്ടാണ് ഫ്രാൻസിൻ്റെ വരവ്.

അതേസമയം ഗ്രൂപ്പ് സിയിൽ അർജൻ്റീനയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് പോളണ്ട് പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടിയത്. കൂടാതെ അവസാനം നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇരുടീമുകളും തോൽവി വഴങ്ങിയിരുന്നു. ഫ്രാൻസ് ടുണീഷ്യയോടും, പോളണ്ട് അർജൻ്റീനയോടുമാണ് പരാജയം ഏറ്റുവാങ്ങിയത്. ഇന്നത്തെ മത്സരം പരാജയപ്പെടുന്നവർ പുറത്താകുമെന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ ഒരു ജീവന്മരണ പോരാട്ടം തന്നെ നമുക്ക് കാണുവാൻ കഴിയും.

താരനിബിഡമായ ടീമുമായി എത്തുന്ന ഫ്രാൻസിന് തന്നെയാണ് ഇന്നത്തെ മത്സരത്തിൽ മുൻതൂക്കം. മറുവശത്ത് ലെവണ്ടോസ്കി എന്ന ഒറ്റയാനെ ചുറ്റിപറ്റിയാകും പോളണ്ടിൻ്റെ മുന്നേറ്റങ്ങൾ. എന്തായാലും ആരാകും ക്വാർട്ടറിലേക്ക് കാലെടുത്ത് വെക്കുക എന്നറിയാൻ നമുക്ക് ആകാംക്ഷയോടെ കാത്തിരിക്കാം.