പെട്രറ്റോസിൻ്റെ ഏക ഗോളിൽ ബംഗളുരുവിനെ മറികടന്ന് എ.ടി.കെ.!
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന അതിവാശിയേറിയ പോരാട്ടത്തിൽ ബംഗളുരു എഫ്സിക്കെതിരെ എ.ടി.കെ മോഹൻ ബഗാന് വിജയം. ബംഗളുരുവിൻ്റെ മൈതാനമായ ശ്രീകണ്ടീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് സന്ദർശകരായ ബംഗളുരു വിജയിച്ചു കയറിയത്. മത്സരത്തിൻ്റെ ആദ്യ പകുതി ഗോൾ രഹിതമായാണ് അവസാനിച്ചത്. തുടർന്ന് രണ്ടാം പകുതിയുടെ 66ആം മിനിറ്റിൽ ഹ്യൂഗോ ബൗമസിൻ്റെ അസിസ്റ്റിൽ നിന്നും ദിമിത്രി പെട്രറ്റോസ് എ.ടി.കെക്കായി സ്കോർ ചെയ്യുകയായിരുന്നു. അതോടെ മത്സരം സന്ദർശകരുടെ കയ്യിലായി.

ശേഷിച്ച സമയം ഗോൾ മടക്കുവാനായി ബംഗളുരു ആവുന്നത്ര പരിശ്രമിച്ചെങ്കിലും എല്ലാം വിഭലമാകുകയായിരുന്നു. മത്സരത്തിൽ കൂടുതൽ ഷോട്ടുകൾ ഉത്തിർത്തത് ആതിഥേയർ ആയിരുന്നുവെങ്കിലും ഗോൾ നേടുവാൻ കഴിയാതെ പോയത് അവർക്ക് നിരാശയായി. ഒടുവിൽ ഏകപക്ഷീയമായ ഒരു ഗോളിന് ബംഗളുരു എ.ടി.കെയ്ക്ക് മുന്നിൽ അടിയറവ് പറയുകയായിരുന്നു.

ഈയൊരു വിജയത്തോടെ 8 മത്സരങ്ങളിൽ നിന്നും 16 പോയിൻ്റുമായി എ.ടി.കെ 4ആം സ്ഥാനം നിലനിർത്തി. അത്രയും മത്സരങ്ങളിൽ നിന്നും 7 പോയിൻ്റ് മാത്രം നേടിയ ബംഗളുരു 9ആം സ്ഥാനത്താണ്. അവരുടെ അഞ്ചാം തോൽവിയായിരുന്നു ഇത്.