ചെന്നൈയിനെ കീഴടക്കി വിജയവഴിയിൽ തിരിച്ചെത്തി ഹൈദരാബാദ്.!
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരും, മുൻ ചാമ്പ്യന്മാരും തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്സിക്ക് വിജയം. ചെന്നൈയിൻ്റെ തട്ടകമായ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സന്ദർശകർ വിജയം കൈപ്പിടിയിൽ ഒതുക്കിയത്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആയിരുന്നു മത്സരത്തിലെ നാല് ഗോളുകളും പിറന്നത്. രണ്ടാം പകുതിയുടെ 65ആം മിനിറ്റിൽ ഹോളിചരൺ നർസാരിയിലൂടെ ഹൈദരാബാദാണ് ആദ്യം ലീഡ് നേടിയത്. തുടർന്ന് 71ആം മിനിറ്റിൽ ചെന്നൈയുടെ റൈറ്റ്ബാക്ക് താരമായ അജിത്ത് കുമാർ രണ്ടാം മഞ്ഞകാർഡിലൂടെ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതിനാൽ ശേഷിച്ച സമയം 10 പേരുമായാണ് ചെന്നൈ മത്സരം പൂർത്തിയാക്കിയത്.

റെഡ്കാർഡ് കണ്ട് 3 മിനിറ്റിന് ശേഷം തന്നെ പ്രതിരോധതാരം ചിൻഗ്ലെൻ സനയിലൂടെ ഹൈദരാബാദ് ലീഡ് രണ്ടായി ഉയർത്തി. എന്നാൽ 78ആം മിനിറ്റിൽ എൽ ഹയാതിയുടെ പാസിൽ നിന്നും സ്ലിസ്കോവിച്ച് ചെന്നൈക്കായി ഒരു ഗോൾ മടക്കിയതോടെ ചെന്നൈയിൻ ആരാധകർക്ക് നേരിയ പ്രതീക്ഷകൾ കൈവന്നു. പക്ഷേ അതൊരു താത്കാലിക ആശ്വാസം മാത്രമായിരുന്നു. 85ആം മിനിറ്റിൽ സ്പാനിഷ് താരം ബോർഹ ഹേരേര കൂടി സ്കോർ ചെയ്തതോടെ ഹൈദരാബാദിൻ്റെ ഗോൾപട്ടിക പൂർണമായി. സ്കോർ 3-1. ശേഷിച്ച സമയവും ഇരു ടീമുകൾക്കും അവസരങ്ങൾ ലഭിച്ചുവെങ്കിലും മത്സരത്തിലേക്ക് തിരികെ വരുവാൻ ചെന്നൈക്കും, ലീഡ് ഉയർത്തുവാൻ ഹൈദരാബാദിനും കഴിഞ്ഞില്ല.

ഒടുവിൽ മത്സരം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഹൈദരാബാദ് സ്വന്തമാക്കുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ്, എ.ടി.കെ മോഹൻ ബഗാൻ തുടങ്ങിയ ടീമുകൾക്ക് എതിരെ തുടർതോൽവികൾ വഴങ്ങിയ ഹൈദരാബാദ് ഈയൊരു മത്സരത്തോടെ വിജയവഴിയിലേക്ക് തിരികെയെത്തി. കൂടാതെ 9 മത്സരങ്ങളിൽ നിന്നും 19 പോയിൻ്റുമായി ഒന്നാം സ്ഥാനത്തുള്ള മുബൈ സിറ്റിയുമായുള്ള പോയിൻ്റ് അകലം കുറക്കുവാനും ഹൈദരാബാദിന് കഴിഞ്ഞു. പരാജയം ഏറ്റുവാങ്ങിയ ചെന്നൈയിൻ 8 മത്സരങ്ങളിൽ നിന്നും 10 പോയിൻ്റുമായി 7ആം സ്ഥാനത്താണ്.