പ്രീക്വാർട്ടർ പോരാട്ടത്തിനായി അർജൻ്റീന ഇന്ന് കളത്തിൽ; എതിരാളികൾ ഓസ്ട്രേലിയ.!
ലോകകപ്പിലെ രണ്ടാം പ്രീക്വാർട്ടർ മത്സരത്തിൽ വമ്പന്മാരായ അർജൻ്റീന ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം പുലർച്ചെ 12.30ന് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഓസ്ട്രേലിയയാണ് എതിരാളികൾ. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടിട്ടും ഗംഭീര തിരിച്ചുവരവാണ് സ്കലോണിയും സംഘവും നടത്തിയത്. സൗദിയോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ അർജൻ്റീന പിന്നീട് നടന്ന രണ്ട് മത്സരങ്ങളിൽ മെക്സിക്കോ, പോളണ്ട് എന്നിവർക്കെതിരെ ആധികാരിക വിജയം സ്വന്തമാക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ പോളണ്ടിനെതിരെയുള്ള വിജയം ടീമിൻ്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. സൂപ്പർതാരം ലയണൽ മെസ്സി തന്നെയാണ് ടീമിൻ്റെ ശ്രദ്ധാകേന്ദ്രം.

കൂടാതെ ലൗത്താരോ മാർട്ടിനെസ്, ഡിമരിയ, ഡിപോൾ, എൻസോ ഫെർണാണ്ടസ്, പരേഡസ്, റൊമേറോ, ഓട്ടാമെൻ്റി, എമി മാർട്ടിനെസ്, ജൂലിയൻ അൽവാരെസ്, ഡിബാല അങ്ങനെ നീളും അർജൻ്റൈൻ താരനിര. എന്നാൽ അർജൻ്റൈൻ ക്യാമ്പിൽ നിന്നും ഒരു ദുഃഖ വാർത്തയുണ്ട്. മസിലിൻ്റെ പ്രശ്നങ്ങൾ കാരണം സൂപ്പർതാരം ഏയ്ഞ്ചൽ ഡി മരിയ ഇന്നത്തെ മത്സരത്തിൽ ഉണ്ടാകില്ല എന്നാണ് അറിയുവാൻ കഴിയുന്നത്. ഒരുപക്ഷേ ഡിബാലക്ക് ഇന്ന് അവസരം ലഭിച്ചേക്കും. മറുവശത്ത് ഫ്രാൻസ്, ഡെന്മാർക്ക് എന്നീ കരുത്തന്മാർ ഉൾപ്പെടുന്ന ഡി ഗ്രൂപ്പിൽ നിന്നും രണ്ടാം സ്ഥാനക്കാർ ആയിക്കൊണ്ടാണ് ഓസ്ട്രേലിയയുടെ വരവ്. അവസാന മത്സരത്തിൽ ഡെന്മാർക്കിനെ കീഴടക്കി അവരെ ലോകകപ്പിൽ നിന്നും പുറത്താക്കിക്കൊണ്ടാണ് ഗ്രഹാം അർണോൾഡും സംഘവും ഇന്ന് അർജൻ്റീനയെ നേരിടാനായി എത്തുന്നത്.

പ്രീക്വാർട്ടർ മത്സരത്തിനായി വേണ്ടത്ര വിശ്രമസമയം ലഭിച്ചിട്ടില്ലെന്ന് ഇതിനോടകം തന്നെ ഇരുടീമുകളും വിമർശനം ഉന്നയിച്ചിട്ടുണ്ട്. ബുധനാഴ്ച അവസാന ഗ്രൂപ്പ് മത്സരം കളിച്ചതിന് ശേഷം മൂന്നാം ദിവസം അടുത്ത മത്സരത്തിനായി തയ്യാറെടുക്കുക എന്നത് ദുഷ്കരമായ കാര്യം തന്നെയാണ്. എന്തായാലും മികച്ച മത്സരം തന്നെ നമുക്ക് പ്രതീക്ഷിക്കാം. തോൽക്കുന്നവർ പുറത്താകുമെന്ന സാഹചര്യം നിലനിൽക്കെ അതിവാശിയേറിയ പോരാട്ടത്തിനാകും അഹമ്മദ് ബിൻ അലി സ്റ്റേഡിയം സാക്ഷ്യം വഹിക്കുക. നെതർലാൻഡ്സ്-യു.എസ്.എ മത്സരത്തിലെ വിജയിയെ ആകും ഈയൊരു മത്സരത്തിലെ വിജയികൾക്ക് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നേരിടേണ്ടി വരിക.