Foot Ball qatar worldcup Top News

കാനഡയേയും കീഴടക്കി ഗ്രൂപ്പ് ചാമ്പ്യന്മാരായി മൊറോക്കോ പ്രീക്വാർട്ടറിൽ.!

December 1, 2022

author:

കാനഡയേയും കീഴടക്കി ഗ്രൂപ്പ് ചാമ്പ്യന്മാരായി മൊറോക്കോ പ്രീക്വാർട്ടറിൽ.!

ലോകകപ്പിലെ ഗ്രൂപ്പ് എഫിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ കാനഡയ്ക്കെതിരെ മൊറോക്കോയ്ക്ക് വിജയം. അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മൊറോക്കൻ സംഘം വിജയം സ്വന്തമാക്കിയത്. മത്സരത്തിൻ്റെ നാലാം മിനിറ്റിൽ തന്നെ ചെൽസി താരം ഹക്കിം സയക്കിലൂടെ മൊറോക്കോ മുന്നിലെത്തി. കാനഡയുടെ പ്രതിരോധത്തിലെ പിഴവാണ് ഗോളിന് വഴിയൊരുക്കിയത്. പ്രതിരോധ താരത്തിൽ നിന്നും മൈനസ്പാസ് ആയി ലഭിച്ച പന്ത് കനേഡിയൻ ഗോൾകീപ്പർ ക്ലിയർ ചെയ്തെങ്കിലും പന്ത് സയക്കിൻ്റെ നേർക്കാണ് ചെന്നത്. തുറന്നുകിടന്ന പോസ്റ്റിലേക്ക് 30 വാര അകലെനിന്നും താരം അനായാസമായി പന്തെത്തിക്കുകയായിരുന്നു.

അങ്ങനെ തുടക്കം തന്നെ കാനഡയ്ക്ക് പിഴച്ചു. ശേഷം പുരോഗമിച്ച മത്സരത്തിൽ 23ആം മിനിറ്റിൽ മൊറോക്കോ എൻ നെസിരിയിലൂടെ ലീഡ് ഉയർത്തി. സ്വന്തം ഹാഫിൽ നിന്നും ഹകിമി നീട്ടിനൽകിയ ലോങ്പാസ് സ്വീകരിച്ചുകൊണ്ട് മുന്നേറിയ നെസിരി 2 കനേഡിയൻ താരങ്ങളെ മറികടന്നുകൊണ്ട് വല കുലുക്കുകയായിരുന്നു. സ്കോർ 2-0. തുടർന്ന് മത്സരം ഇടവേളയോട് അടുത്തപ്പോൾ കാനഡ ഒരു ഗോൾ മടക്കി. 40ആം മിനിറ്റിൽ ലെഫ്റ്റ് ബാക്ക് താരം അഡെകുഗ്ബെ നൽകിയ ക്രോസ് ക്ലിയർ ചെയ്യുവാൻ ശ്രമിക്കുന്നതിനിടയിൽ അഗ്വേർഡിൻ്റെ കാലിൽ തട്ടി ഡിഫ്ലക്‌ട് ആയി പന്ത് വലയിൽ പതിക്കുകയായിരുന്നു. ഖത്തർ ലോകകപ്പിലെ ആദ്യ സെൽഫ് ഗോൾ ആയിരുന്നു ഇത്. ഒപ്പം നൂറാമത്തെ ഗോളും. അതോടെ 2-1 എന്ന സ്കോറിന് ആദ്യ പകുതി അവസാനിച്ചു.

തുടർന്ന് രണ്ടാം പകുതിയിൽ ഗോൾ മടക്കുവാനായി കാനഡയും, ലീഡ് ഉയർത്തുവാനായി മൊറോക്കോയും പരിശ്രമിച്ചെങ്കിലും ഗോൾ രഹിതമായിക്കൊണ്ട് തന്നെ രണ്ടാം പകുതി അവസാനിച്ചു. ഒടുവിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ആഫ്രിക്കൻ പുലികളായ മൊറോക്കോ വിജയം സ്വന്തമാക്കുകയായിരുന്നു. ഈയൊരു വിജയത്തോടെ 3 മത്സരങ്ങളിൽ നിന്നും 7 പോയിൻ്റോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായിക്കൊണ്ട് അവർ പ്രീക്വാർട്ടറിലേക്ക് പ്രവേശിച്ചു. ബെൽജിയം, ക്രൊയേഷ്യ തുടങ്ങിയ വമ്പന്മാർ ഉൾപ്പെട്ട ഗ്രൂപ്പ് ആയിരുന്നിട്ടും ഒരു തോൽവി പോലും അവർക്ക് വഴങ്ങേണ്ടി വന്നില്ല. പരാജയം ഏറ്റുവാങ്ങിയ കാനഡ നേരത്തെ തന്നെ ടൂർണമെൻ്റിൽ നിന്നും പുറത്തായിരുന്നു. 3 മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ അവർക്ക് കഴിഞ്ഞില്ല. അതോടെ 0 പോയിൻ്റുമായാണ് അവർ ഖത്തർ വിടുന്നത്.

ഗ്രൂപ്പ് ഇയിലെ രണ്ടാം സ്ഥാനക്കാരുമായിട്ടാകും മൊറോക്കോ പ്രീക്വാർട്ടറിൽ ഏറ്റുമുട്ടുക.

Leave a comment