Foot Ball ISL Top News

ഡയസിൻ്റെ ഇരട്ടഗോൾ മികവിൽ ഗോവയെ തകർത്ത് മുംബൈ.!

December 1, 2022

author:

ഡയസിൻ്റെ ഇരട്ടഗോൾ മികവിൽ ഗോവയെ തകർത്ത് മുംബൈ.!

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ 2 കരുത്തന്മാർ തമ്മിൽ ഏറ്റുമുട്ടിയ പോരാട്ടത്തിൽ എഫ്സി ഗോവയ്ക്കെതിരെ മുംബൈ സിറ്റി എഫ്സിക്ക് തകർപ്പൻ വിജയം. സ്വന്തം തട്ടകമായ മുംബൈ ഫുട്ബോൾ അരീനയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ആണ് മുബൈ വിജയം സ്വന്തമാക്കിയത്. മുൻ ബ്ലാസ്റ്റേഴ്സ് താരം പെരേര ഡയസ് നേടിയ ഇരട്ടഗോളുകളുടെ മികവിലാണ് ഈയൊരു മിന്നും വിജയം. മത്സരത്തിൻ്റെ 16ആം മിനിറ്റിൽ തന്നെ മുംബൈ ലീഡ് നേടി. ഗ്രെഗ് സ്റ്റുവർട്ടിൻ്റെ പാസിൽ നിന്നും ഡയസാണ് വലകുലുക്കിയത്. എന്നാൽ 6 മിനിറ്റിന് ശേഷം ഗോവ ഇതിന് മറുപടി നൽകി. സ്പാനിഷ് താരം ഗൊയറോച്ചേനയായിരുന്നു സ്കോർ ചെയ്തത്. റെഡീം ലാങ് ആയിരുന്നു ഈയൊരു ഗോളിന് വഴിയൊരുക്കിയത്. തുടർന്ന് 1-1 എന്ന നിലയിൽ പുരോഗമിച്ച മത്സരത്തിൽ ഇടവേളയ്ക്ക് പിരിയുന്നതിനു തൊട്ടുമുമ്പ് ലാലിയൻസുവാല ചാങ്തെയിലൂടെ മുംബൈ വീണ്ടും ലീഡ് സ്വന്തമാക്കി.

അതോടെ ആദ്യ പകുതി 2-1 എന്ന നിലയിൽ അവസാനിപ്പിക്കുവാൻ ആതിഥേയർക്ക് കഴിഞ്ഞു. ശേഷം രണ്ടാം പകുതിയിൽ ഒരു തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് സന്ദർശകർ കളത്തിലിറങ്ങിയത്. എന്നാൽ, ഒരു തിരിച്ചടി എന്നപോലെ മുംബൈക്കായി ഡയസ് തൻ്റെ ഇരട്ടഗോൾ നേട്ടം പൂർത്തിയാക്കി. സ്കോർ 3-1. ചാങ്തെയാണ് ഈയൊരു ഗോളിന് വഴിയിരുക്കിയത്. അവിടംകൊണ്ടും തീർന്നില്ല. 55ആം മിനിറ്റിൽ ആൽബർട്ടോ നൊഗ്വേരയിലൂടെ ആതിഥേയർ നാലാം ഗോളും നേടിക്കൊണ്ട് ഗോവയ്ക്ക് മേൽ വൻ പ്രഹരമേൽപ്പിച്ചു. അതോടെ മത്സരത്തിലേക്ക് തിരിച്ചുവരാമെന്ന ഗോവയുടെ പ്രതീക്ഷകൾ കൂടിയാണ് ഇല്ലാതെയായത്. 79ആം മിനിറ്റിൽ സൂപ്പർ താരം എഡു ബേഡിയ രണ്ടാം മഞ്ഞ കാർഡിലൂടെ ചുവപ്പ് കാർഡ് കണ്ടു പുറത്ത് പോകുക കൂടി ചെയ്തതോടെ ഗോവ പൂർണമായും തകർന്നു. എന്നാൽ കൂടുതൽ ഗോളുകൾ വഴങ്ങാതെ വലിയൊരു നാണക്കേടിൽ നിന്നും രക്ഷപ്പെടുവാൻ അവർക്ക് സാധിച്ചു.

ഒടുവിൽ 4-1 എന്ന സ്കോറിന് മത്സരം മുംബൈ കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. കൂടുതൽ ഗോളുകൾ നേടുവാൻ മുംബൈക്കും, മത്സരത്തിലേക്ക് തിരിച്ചുവരുവാൻ ഗോവയ്ക്കും അവസരങ്ങൾ ഒട്ടേറെ ലഭിച്ചിരുന്നെങ്കിലും നിർഭാഗ്യവശാൽ അതൊന്നും ഗോളായി മാറിയില്ല. ഈയൊരു വിജയത്തോടെ 9 മത്സരങ്ങളിൽ നിന്നും 21 പോയിൻ്റുമായി അപരാജിതരായിക്കൊണ്ട് ഒന്നാം സ്ഥാനം നിലനിർത്തുവാൻ മുംബൈക്ക് കഴിഞ്ഞു. അതേസമയം വമ്പൻ തോൽവി ഏറ്റുവാങ്ങിയ ഗോവ 8 മത്സരങ്ങളിൽ നിന്നും 12 പോയിൻ്റുമായി 6ആം സ്ഥാനത്താണ്.

Leave a comment