Foot Ball qatar worldcup Top News

തിരിച്ചുവരവിനായി ജർമനി; നോക്കൗട്ട് സ്വപ്നവുമായി കോസ്റ്റാറിക്ക.!

December 1, 2022

author:

തിരിച്ചുവരവിനായി ജർമനി; നോക്കൗട്ട് സ്വപ്നവുമായി കോസ്റ്റാറിക്ക.!

ലോകകപ്പിലെ കിരീട ഫേവറേറ്റ്‌സുകളിൽ ഒന്നെന്ന പേരുമായാണ് യൂറോപ്യൻ വമ്പന്മാരായ ജർമനി ഖത്തറിലേക്ക് വിമാനം കയറിയത്. എന്നാൽ കാര്യങ്ങൾ അവരുടെ കൈവിട്ടു പോകുകയായിരുന്നു. ആദ്യ മത്സരത്തിൽ ജപ്പാനോട് ഏറ്റ അപ്രതീക്ഷിത തോൽവി ടീമിനെ വല്ലാതെ ബാധിച്ചു. പുറകെ കരുത്തരായ സ്‌പെയിനോട് സമനില വഴങ്ങുക കൂടി ചെയ്തതോടെ അവരുടെ പ്രീക്വാർട്ടർ മോഹങ്ങൾ തുലാസിലായി. എങ്കിലും ഇപ്പോഴും നേരിയ സാധ്യതകൾ അവർക്ക് മുന്നിൽ അവശേഷിക്കുന്നുണ്ട്. പക്ഷേ സ്പെയിൻ കനിയണമെന്നുമാത്രം. ഒപ്പം ഇന്നത്തെ മത്സരത്തിൽ കോസ്റ്റാറിക്കയെ പരാജയപ്പെടുത്തുകയും വേണം. ഇത് രണ്ടും നടന്നാൽ ഫ്ലിക്കിനും സംഘത്തിനും നഷ്ടപ്പെട്ട വിശ്വാസം തിരികെ ലഭിക്കും.

ഇന്ന് വിജയം സ്വന്തമാക്കുകയും, സ്പെയിൻ ജപ്പാനെ കീഴടക്കുകയും ചെയ്താൽ 4 പോയിൻ്റുമായി 2ആം സ്ഥാനക്കാർ ആയിക്കൊണ്ട് ജർമനിക്ക് പ്രീക്വാർട്ടർ സ്ഥാനം ഉറപ്പിക്കാൻ കഴിയും. എന്നാൽ സമനിലയോ തോൽവിയോ അവരുടെ മുന്നിലെ വാതിലുകൾ കൊട്ടിയടക്കും. ഇവിടെ വിജയം മാത്രം മതിയാകില്ല കാര്യങ്ങൾ അനുകൂലമാകുവാൻ. സ്പെയിൻ ജപ്പാനോട് പരാജയപ്പെട്ടാൽ പിന്നെ ആറോ ഏഴോ ഗോളിൻ്റെ വമ്പൻ വിജയം തന്നെ വേണ്ടിവരും ജർമൻ പടയ്ക്ക് നോക്കൗട്ടിലേക്ക് പ്രവേശിക്കുവാൻ. എന്തായാലും ഒരു വമ്പൻ വിജയം തന്നെ ലക്ഷ്യം വെച്ചാകും ജർമനി ഇന്ന് കളത്തിലിറങ്ങുക. മറുവശത്ത് 3 പോയിൻ്റുമായി കോസ്റ്റാറിക്ക മൂന്നാം സ്ഥാനത്താണ് ഉള്ളത്. ജർമനിയെ അട്ടിമറിക്കാൻ കഴിഞ്ഞാൽ അവർക്ക് പ്രീക്വാർട്ടറിലേക്ക് ആരുടെയും സഹായമില്ലാതെ കടക്കുവാൻ കഴിയും. മറിച്ച് സമനിലയാണ് ഫലമെങ്കിലും നേരിയ സാധ്യതകൾ അവശേഷിക്കും. ജപ്പാൻ പരാജയപ്പെടണമെന്ന് മാത്രം. എന്തായാലും ജർമനിക്ക് മുന്നിൽ വലിയൊരു വെല്ലുവിളി ഉയർത്തുവാൻ കോസ്റ്റാറിക്കയ്ക്ക് ഇന്ന് കഴിഞ്ഞേക്കും. കടലാസിലെ കരുത്തർക്ക് മൈതാനത്ത് തിരിച്ചടി കൊടുക്കാൻ കഴിഞ്ഞാൽ അവർക്ക് നോക്കൗട്ട് സ്വപ്നം യാഥാർത്ഥ്യമാക്കുവാൻ സാധിക്കും. ഇന്ത്യൻ സമയം പുലർച്ചെ 12.30ന് അൽ ബയ്ത് സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക. എന്തായാലും ആര് വീഴും, ആര് വാഴും എന്നെല്ലാം അറിയാനായി നമുക്ക് ഏതാനും മണിക്കൂറുകൾ കൂടി കാത്തിരിക്കാം.

ഇന്നത്തെ മത്സരം മറ്റൊരു ചരിത്ര നിമിഷത്തിന് കൂടി വേദിയാകും. ഫിഫ ലോകകപ്പിൻ്റെ ചരിത്രത്തിൽ ആദ്യമായി വനിതാ റഫറിമാർ മത്സരം നിയന്ത്രിക്കുന്നു എന്ന പ്രത്യേകത കൂടി ജർമനി-കോസ്റ്റാറിക്ക പോരാട്ടത്തിന് ഉണ്ടാകും. സ്റ്റെഫാനി ഫ്രാപ്പാർട്ട് ആകും മത്സരം നിയന്ത്രിക്കുക. അസിസ്റ്റൻസ് ആയി ന്യൂസാ ബാക്കും, കാരെൻ ഡയസും ഉണ്ടാകും.

Leave a comment