കരുത്തരായ ഡെൻമാർക്കിനെ തോൽപിച്ച് ഓസ്ട്രേലിയ പ്രീക്വാർട്ടറിൽ
ഫിഫ ലോകകപ്പിലെ നിര്‍ണായക മത്സരത്തിൽ കരുത്തരായ ഡെൻമാർക്കിനെ തോൽപിച്ച് ഓസ്ട്രേലിയ പ്രീക്വാർട്ടറിൽ. 60–ാം മിനിറ്റിൽ മാത്യു ലക്കിയാണ് ഓസ്ട്രേലിയയ്ക്കായി ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ കളം നിറഞ്ഞ് കളിച്ച ഡെൻമാർക്കിനെ രണ്ടാം പകുതിയിൽ ഗോളടിച്ച് ഓസ്ട്രേലിയ പിന്നിലാക്കുകയായിരുന്നു.
ഗോള്‍രഹിതമായിരുന്ന 59 മിനിറ്റുകള്‍ക്ക് ശേഷം 60-ാം മിനിറ്റിലാണ് ഓസ്ട്രേലിയയുടെ ഗോളെത്തിയത്. മാത്യു ലെക്കിയുടെ ഒരു മികച്ച സോളോ ഗോളില്‍ ഓസീസ് മുന്നിലെത്തുകയായിരുന്നു. ജയത്തോടെ രണ്ട് വിജയവും ഒരു തോൽവിയുമായി ഡി ഗ്രൂപ്പിൽ ഓസ്ട്രേലിയയ്ക്ക് ആറു പോയിന്റായി. രണ്ടാം സ്ഥാനക്കാരായി ടീം പ്രീക്വാര്‍ട്ടറിലേക്ക്. ഈ ലോകകപ്പിലെ കറുത്ത കുതിരകളാവുമെന്ന് പലരും പ്രവചിച്ച ടീമായിരുന്നു ഡെൻമാർക്ക് എങ്കിലും ടൂർണമെന്റിൽ ഒരു ജയം പോലും സ്വന്തമാക്കാനാവാതെയാണ് ടീം പുറത്തായത്.
മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റുമായി ഗ്രൂപ്പില്‍ ഫ്രാന്‍സിനു പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ഓസ്ട്രേലിയയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം. ഇതേസമയം നടന്ന ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ടുണീഷ്യ, ഫ്രാന്‍സിനെ അട്ടിമറിച്ചതോടെ മൂന്ന് കളികളില്‍ നിന്ന് ഒരു പോയന്റുമായി ഡെന്മാര്ക്ക് അവസാന സ്ഥാനത്തായി.