ജീവന്മരണ പോരാട്ടത്തിനായി ഡെന്മാർക്ക്; പ്രീക്വാർട്ടർ പ്രതീക്ഷയുമായി ഓസ്ട്രേലിയ.!
ഗ്രൂപ്പ് ഡിയിൽ ഇന്നൊരു ജീവന്മരണ പോരാട്ടത്തിനാകും അരങ്ങുണരാൻ പോകുക. ഇന്ത്യൻ സമയം രാത്രി 8.30ന് അൽ ജനൗബ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഡെന്മാർക്ക് ഓസ്ട്രേലിയയെ നേരിടും. ഡെന്മാർക്കിനെ സംബന്ധിച്ചിടത്തോളം പ്രീക്വാർട്ടർ പ്രവേശനം സാധ്യമാകണമെങ്കിൽ വിജയം കൂടിയേ തീരൂ. അതുകൊണ്ടുതന്നെ ഇന്നവർ കയ്യും മെയ്യും മറന്ന് പോരാടും. ഒരു സമനിലയോ, തോൽവിയോ അവരുടെ നോക്കൗട്ട് പ്രതീക്ഷകൾ തല്ലിക്കെടുത്തുമെന്നതിനാൽ വിജയം മാത്രം ലക്ഷ്യം വെച്ചാണ് ഡാനിഷ് പട ഇന്ന് കളത്തിൽ ഇറങ്ങാൻ പോകുന്നത്.

മറുവശത്ത് ഓസ്ട്രേലിയയ്ക്ക് അത്ര ടെൻഷൻ ഉണ്ടാകില്ല. കാരണം, മത്സരം സമനില ആയാലും അവർക്ക് നോക്കൗട്ട് ഉറപ്പിക്കാൻ കഴിയും. ഈയൊരു കാരണം കൊണ്ടുതന്നെ പ്രതിരോധത്തിന് ആയിരിക്കും അവർ മുൻഗണന നൽകുക. തോൽവി അഭിമുഖീകരിക്കാതിരിക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം. നിലവിൽ 2 മത്സരങ്ങളിൽ നിന്നും 3 പോയിൻ്റുമായി ഫ്രാൻസിന് പിന്നിൽ 2ആം സ്ഥാനത്താണ് ഓസ്ട്രേലിയയുടെ സ്ഥാനം. അതേസമയം കേവലം ഒരു പോയിൻ്റ് മാത്രമായി മൂന്നാം സ്ഥാനത്താണ് ഡെന്മാർക്ക് ഉള്ളത്. ഇന്ന് വിജയിക്കാൻ കഴിഞ്ഞാൽ 4 പോയിൻ്റുമായി 2ആം സ്ഥാനത്തേക്ക് കടക്കുവാൻ അവർക്ക് കഴിയും. എറിക്സൺ, ഡോൾബർഗ്, ഹോജ്ബർഗ്, ക്രിസ്റ്റ്യൻസൺ, ഓൾസെൻ, ഡംസ്ഗാർഡ്, ബ്രാത്വെയ്റ്റ് തുടങ്ങിയ താരങ്ങളിലാണ് ആരാധകരുടെ പ്രതീക്ഷകൾ. കഴിഞ്ഞ 2 മത്സരങ്ങളിലെ നിലവാരം മതിയാവില്ല അവർക്ക് ഇന്ന് ഓസ്ട്രേലിയയെ മറികടക്കാൻ.

അതുകൊണ്ടുതന്നെ വാശിയേറിയൊരു പോരാട്ടം തന്നെ നമുക്ക് കാണുവാൻ കഴിയും. എന്തായാലും ഓസ്ട്രേലിയയെ തകർത്തുകൊണ്ട് ഡാനിഷ്പട പ്രീക്വാർട്ടറിലേക്ക് മാർച്ച് ചെയ്യുമോ.. അതോ ഡെന്മാർക്കിനെ തടഞ്ഞു നിർത്തിക്കൊണ്ട് ഓസ്ട്രേലിയ ഗ്രൂപ്പ് ഡിയിൽ നിന്നും അവിശ്വസനീയ കുതിപ്പ് നടത്തുമോ എന്നൊക്കെ നമുക്ക് കാത്തിരുന്നുകാണാം.