ഇറാനെ മറികടന്ന് പ്രീക്വാർട്ടർ യോഗ്യത നേടി യു.എസ്.എ.!
ലോകകപ്പിൽ ഗ്രൂപ്പ് ബിയിൽ നടന്ന അതിവാശിയേറിയ പ്രീക്വാർട്ടർ നിർണയ പോരാട്ടത്തിൽ ഇറാനെതിരെ യു.എസ്.എയ്ക്ക് വിജയം. അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് അമേരിക്ക വിജയക്കൊടി പാറിച്ചത്. വിജയിക്കുന്ന ടീമിന് പ്രീക്വാർട്ടർ പ്രവേശനം നേടാം എന്നിരിക്കെ മത്സരത്തിലുടനീളം ആക്രമിച്ചു കളിച്ചത് യു.എസ്.എ ആയിരുന്നു. സമനില ആയാലും പ്രശ്നമില്ലാത്തതിനാൽ പ്രതിരോധത്തിലാണ് ഇറാൻ കൂടുതൽ ശ്രദ്ധ നൽകിയത്. എന്നാൽ അത് അവർക്ക് തിരിച്ചടി ആകുകയായിരുന്നു. നിരന്തരം ആക്രമിച്ചു കൊണ്ടിരുന്ന യു.എസ് 38ആം മിനിറ്റിൽ മത്സരത്തിലെ ഏകഗോൾ സ്വന്തമാക്കി. മക്കന്നീ നീട്ടി നൽകിയ ലോങ്ബോൾ ഒരു ഹെഡ്ഡറിലൂടെ ഡെസ്റ്റ് പോസ്റ്റിലേക്ക് ഓടിക്കയറിയ പുലിസിച്ചിന് മറിച്ചുനൽകി. താരത്തിൻ്റെ ഫസ്റ്റ്ടൈം ഷോട്ട് ഇറാൻ ഗോൾകീപ്പർക്ക് അവസരം നൽകാതെ വലയിൽ.

സ്കോർ 1-0. രണ്ടാം പകുതിയിലും കൂടുതൽ ആക്രമിച്ചത് യു.എസ് തന്നെ ആയിരുന്നു. ഇറാന് കേവലം ഒരു ഷോട്ട് മാത്രമാണ് ഓൺ ടാർഗറ്റിലേക്ക് അടിക്കുവാൻ സാധിച്ചത്. ഇതിനിടയിൽ യു.എസ് ഒരുവട്ടം കൂടി സ്കോർ ചെയ്തെങ്കിലും റഫറി അത് ഓഫ്സൈഡ് വിളിക്കുകയായിരുന്നു. എങ്കിലും കൂടുതൽ ഗോൾ നേടുവാനുള്ള അവസരങ്ങൾ അവർ സൃഷ്ടിച്ചെടുത്തതാണ്. എന്നാൽ നിർഭാഗ്യവശാൽ അവർക്ക് ഈയൊരു ഗോളിൽ ഒതുങ്ങേണ്ടി വന്നു. ഒടുവിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഇറാൻ യു.എസ്.എയ്ക്ക് മുന്നിൽ അടിയറവ് പറയുകയായിരുന്നു.

ഈയൊരു മിന്നും വിജയത്തോടെ ബി ഗ്രൂപ്പിൽ നിന്നും രണ്ടാം സ്ഥാനക്കാരായിക്കൊണ്ട് പ്രീക്വാർട്ടറിലേക്ക് പ്രവേശിക്കാൻ യു.എസ്.എയ്ക്ക് കഴിഞ്ഞു. അതേസമയം തോൽവി വഴങ്ങിയ ഇറാൻ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇനി പ്രീക്വാർട്ടറിൽ എ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാർ ആയ നെതർലൻഡ്സിനെയാണ് അമേരിക്കയ്ക്ക് നേരിടേണ്ടി വരിക.