ഗ്രൂപ്പ് ചാമ്പ്യന്മാർ ആവാൻ ഇംഗ്ലണ്ട്; വിജയം മാത്രം ലക്ഷ്യം വെച്ച് വെയിൽസ്.!
ലോകകപ്പിൽ ഇന്ന് രണ്ട് അയൽക്കാർ തമ്മിലുള്ള പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. ഇന്ത്യൻ സമയം പുലർച്ചെ 12.30ന് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക. നിലവിൽ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരാണ് ഇംഗ്ലണ്ട്. എന്നാൽ കഴിഞ്ഞ മത്സരത്തിൽ യു.എസ്.എയോട് വഴങ്ങിയ സമനില ഒരു ചോദ്യച്ചിന്നമായി സൗത്ത്ഗേറ്റിൻ്റെ മുമ്പിലുണ്ട്. എന്തായാലും ഇന്ന് വിജയിക്കാൻ കഴിഞ്ഞാൽ ഗ്രൂപ്പ് ചാമ്പ്യന്മാർ ആയിത്തന്നെ ഇംഗ്ലണ്ടിന് നോക്കൗട്ട് ഉറപ്പിക്കാൻ കഴിയും. എന്നാൽ വെയിൽസിനെ അത്ര എളുപ്പത്തിൽ ഇംഗ്ലണ്ടിന് മറികടക്കാൻ കഴിയില്ല. നിലവിൽ ഒരു സമനില മാത്രമായി ഒരു പോയിൻ്റോടെ അവർ അവസാന സ്ഥാനത്താണെങ്കിലും അവരുടെ പ്രീക്വാർട്ടർ പ്രതീക്ഷകൾ അസ്തമിച്ചിട്ടില്ല.
യു.എസ്.എ ഇറാൻ മത്സരം സമനില ആകുകയും, ഇംഗ്ലണ്ടിനെ തോൽപ്പിക്കുകയും ചെയ്താൽ ഗോൾ വ്യത്യാസത്തിൽ മുന്നിൽ ആയിക്കൊണ്ട് വെയിൽസിന് നോക്കൗട്ടിലേക്ക് പ്രവേശിക്കുവാൻ സാധിക്കും. അപ്പോഴും ഇംഗ്ലണ്ടിന് ഭീഷണി ഒന്നുംതന്നെ ഉണ്ടാകുകയില്ല.

വലിയ മാർജിനിൽ വെയിൽസിനോട് പരാജയപ്പെട്ടാൽ മാത്രമേ ഇംഗ്ലണ്ടിന് ഭയപ്പെടേണ്ടതുള്ളു. അതുകൊണ്ടുതന്നെ വലിയ ആത്മവിശ്വാസത്തിൽ ആയിരിക്കും സൗത്ത്ഗേറ്റിൻ്റെ ശിഷ്യന്മാർ കളത്തിലിറങ്ങുക. ആദ്യ മത്സരത്തിൽ ഗോൾമഴ പെയ്യിച്ച ഇംഗ്ലീഷ് യുവനിര രണ്ടാം മത്സരത്തിൽ ഗോളടിക്കാൻ മുടന്തുന്ന കാഴ്ചയാണ് കണ്ടത്. അതേ അവസ്ഥ ഇന്നും തുടർന്നാൽ വെയിൽസിന് കാര്യങ്ങൾ എളുപ്പമാകും. എന്തായാലും നമുക്ക് കാത്തിരുന്നു കാണാം.