നെയ്മറിൻ്റെ അഭാവത്തിൽ സ്വിറ്റ്സർലൻഡിനെ നേരിടാൻ ബ്രസീൽ.!
ലോകകപ്പിലെ ഗ്രൂപ്പ് എച്ചിൽ നടക്കുന്ന രണ്ടാം റൗണ്ട് പോരാട്ടത്തിൽ ബ്രസീൽ ഇന്ന് സ്വിറ്റ്സർലൻഡിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 9.30ന് 974 സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. ആദ്യ മത്സരത്തിൽ സെർബിയയെ നിഷ്പ്രഭമാക്കിക്കൊണ്ടാണ് കാനറിപടയുടെ വരവ്. ഇന്നുകൂടി കൂടി വിജയിക്കാൻ കഴിഞ്ഞാൽ ബ്രസീലിന് പ്രീക്വാർട്ടർ യോഗ്യത ഉറപ്പിക്കാൻ കഴിയും. സൂപ്പർ താരങ്ങളാൽ സമ്പന്നമായ ബ്രസീൽ ടീമിനെ സ്വിസ്പട എങ്ങനെ തടഞ്ഞു നിർത്തുമെന്ന് കണ്ടുതന്നെ അറിയണം.

മറുവശത്ത് കാമറൂണിനെ പരാജയപ്പെടുത്തിക്കൊണ്ടാണ് സ്വിറ്റ്സർലൻഡ് ഇന്നത്തെ മത്സരത്തിനായി വരുന്നത്. ഇന്ന് വിജയിക്കാൻ സാധിച്ചാൽ അവർക്കും നോക്കൗട്ട് ഉറപ്പിക്കാൻ കഴിയും. അതുകൊണ്ടുതന്നെ വാശിയേറിയൊരു പോരാട്ടം തന്നെയാകും ഇന്ന് 974 സ്റ്റേഡിയത്തിൽ അരങ്ങേറുക. ഷക്കീരി, ഷാക്കാ, എമ്പോളോ, അക്കാഞ്ഞി, സോമർ തുടങ്ങിയ താരങ്ങളിലാണ് സ്വിറ്റ്സർലൻഡ് പ്രതീക്ഷ വെയ്ക്കുന്നത്. കഴിഞ്ഞ ലോകകപ്പിലും ഇരുടീമുകളും ഒരേ ഗ്രൂപ്പിൽ തന്നെയായിരുന്നു. അന്ന് ബ്രസീലിനെ സമനിലയിൽ തളയ്ക്കാൻ സ്വിറ്റ്സർലൻഡിന് കഴിഞ്ഞിരുന്നു. അതേ മികവ് ഇന്നും ആവർത്തിക്കാൻ ആവും അവർ ശ്രമിക്കുക.

ഒപ്പം പരിക്കേറ്റ സൂപ്പർതാരം നെയ്മർ ജൂനിയർ ഇന്നത്തെ മത്സരത്തിന് ഉണ്ടാകില്ല എന്നതും സ്വിസ് ടീമിന് ആശ്വാസം നൽകുന്ന വാർത്തയാണ്. നെയ്മറിന് ഗ്രൂപ്പ് ഘട്ടത്തിൽ അവശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകുമെന്നാണ് അറിയാൻ കഴിയുന്ന വിവരം. എന്തായാലും ബ്രസീലിനെ സമ്പന്ധിച്ചിടത്തോളം ഇത് വലിയൊരു തിരിച്ചടിയാണ്. എന്നിരുന്നാലും മികച്ച ഒട്ടേറെ താരങ്ങൾ ടീമിൽ ഉള്ളതുകൊണ്ട് തന്നെ ടിറ്റെയ്ക്ക് വലിയ ആശങ്കകളൊന്നും തന്നെയില്ല. എന്തായാലും തകർപ്പൻ ഒരു പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം.