പ്രീക്വാർട്ടർ ലക്ഷ്യമിട്ട് ജപ്പാൻ ഇന്ന് കോസ്റ്റാറിക്കക്കെതിരെ.!
ലോകകപ്പിലെ രണ്ടാം റൗണ്ട് പോരാട്ടത്തിൽ ഗ്രൂപ്പ് ഇയിൽ നടക്കുന്ന പോരാട്ടത്തിൽ ജപ്പാൻ ഇന്ന് കോസ്റ്റാറിക്കയെ നേരിടും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30 ന് ആരംഭിക്കുന്ന മത്സരം അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ വെച്ചാകും അരങ്ങേറുക. ആദ്യ മത്സരത്തിൽ ജർമനിയെ അട്ടിമറിച്ച ആത്മവിശ്വാസത്തിലാണ് ജപ്പാൻ ഇന്ന് കളത്തിലിറങ്ങുന്നത്. അതേസമയം സ്പെയിനോട് (7-0) ദയനീയ തോൽവി വഴങ്ങിക്കൊണ്ടാണ് കോസ്റ്റാറിക്കയുടെ വരവ്. ഇന്ന് വിജയിക്കാൻ സാധിച്ചാൽ ജപ്പാന് പ്രീക്വാർട്ടറിലേക്ക് ഉള്ള അകലം കുറക്കാം. അവർ കോസ്റ്റാറിക്കയോട് വിജയിക്കുകയും, ജർമനി സ്പെയിനോട് പരാജയപ്പെടുകയോ സമനില വഴങ്ങുകയോ ചെയ്താൽ ജപ്പാന് ഇന്നുതന്നെ പ്രീക്വാർട്ടർ സ്ഥാനം ഉറപ്പിക്കാൻ കഴിയും.

അതുകൊണ്ടുതന്നെ വിജയത്തിൽ കുറഞ്ഞതൊന്നും ഏഷ്യൻ പോരാളികൾ ലക്ഷ്യം വെക്കുന്നില്ല. മറുവശത്ത് സ്പെയിനോട് വഴങ്ങിയ ദയനീയ പരാജയത്തിൻ്റെ നാണക്കേട് മറക്കുവാൻ കോസ്റ്റാറിക്കയ്ക്ക് വിജയം അനിവാര്യമാണ്. എന്നാൽ ജർമനിയെ കീഴടക്കി വരുന്ന ജപ്പാനെ അവർ ഭയന്നെ മതിയാകൂ. എന്തായാലും മികച്ചൊരു മത്സരം തന്നെ നമുക്ക് പ്രതീക്ഷിക്കാം.