ഡെന്മാര്ക്കിനെയും മറികടന്ന് ഫ്രാൻസ് പ്രീക്വാർട്ടറിൽ
ഫിഫ ലോകകപ്പിൽ ഡെൻമാർക്കിനെ കീഴടക്കി ഫ്രാൻസിന് രണ്ടാം വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണു ഫ്രാൻസിന്റെ മുന്നേറ്റം. സൂപ്പര്‍ താരം എംബാപ്പേയുടെ ഇരട്ട ഗോളുകളാണ് ഫ്രാന്‍സിന് വിജയം സമ്മാനിച്ചത്. ആന്‍ഡ്രിയാസ് ക്രിസ്റ്റൻസെൻ ഡെൻമാർക്കിന്റെ ആശ്വാസ ഗോൾ കണ്ടെത്തി. ജയത്തോടെ പ്രീക്വാർട്ടറിലെത്തുന്ന ആദ്യ ടീമായി ഫ്രാൻസ്.
മത്സരത്തിലൂട നീളം ഇരുടീമുകളും മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞു. ഡെന്മാര്ക്ക് ഗോള്‍കീപ്പര്‍ കാസ്പര്‍ ഷ്മൈക്കേല്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. രണ്ട് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റാണ് ഫ്രാന്‍സിനുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയന്റുള്ള ഓസ്ട്രേലിയയാണ് ഗ്രൂപ്പില്‍ രണ്ടാമത്. ഗ്രൂപ്പില്‍ നിന്ന് പ്രീക്വാര്‍ട്ടറിലേക്ക് കടക്കുന്ന രണ്ടാമത്തെ ടീമിനെ അവസാന മത്സരത്തിനുശേഷം മാത്രമേ വ്യക്തമാകൂ.
മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ ഡെന്മാര്ക്കിന്റെ ആധിപത്യമാണ് കണ്ടത്. പന്ത് കൈവശം വെച്ച് കളിച്ച ഡെന്മാര്ക്ക് മുന്നേറ്റങ്ങളും നടത്തി. കിട്ടിയ അവസരങ്ങളില്‍ ഫ്രാന്‍സും മുന്നേറിക്കൊണ്ടിരുന്നു. എങ്കിലും ആദ്യ പകുതിയിൽ ഗോളുകളൊന്നും വീഴാഞ്ഞത് ഇരു ടീമിന്റെയും ആരാധകരെ നിരാശരാക്കിയിരുന്നു. നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഫ്രാന്‍സ് മുന്നേറ്റങ്ങള്‍ക്ക് ഡെന്മാര്ക്ക് പ്രതിരോധം ഭേധിക്കാനായില്ല.
രണ്ടാം പകുതിയില്‍ സൂപ്പര്‍താരം മാര്ട്ടിന് ബ്രൈത്ത്വെയ്റ്റിനെ കളത്തിലിറക്കിയ ഡെന്മാര്ക്ക് ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. എന്നാൽ രണ്ടാം പകുതിയിലും ഫ്രാൻസിനു തന്നെയായിരുന്നു മത്സരത്തിൽ മേധാവിത്വം. നിരന്തരമായ പരിശ്രമങ്ങൾ ലക്ഷ്യത്തിലെത്തിയത് 61–ാം മിനിറ്റിൽ. എന്നാൽ ഫ്രാൻസിന്റെ ഗോളാഘോഷം തീരുംമുന്‍പ് ഡെൻമാർക്ക് മറുപടി ഗോൾ മടക്കി. 68–ാം മിനിറ്റിലായിരുന്നു ഡെൻമാർക്കിന്റെ ഗോൾ.
നിശ്ചിത സമയം അവസാനിക്കാൻ പത്തു മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോൾ ലീഡ് പിടിക്കാൻ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു ഫ്രാൻസ് മുന്നേറ്റ നിര. അതു ലക്ഷ്യത്തിലെത്തിയത് 86–ാം മിനിറ്റിൽ. ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ഫ്രാൻസിനു രണ്ടാം വിജയവും പ്രീക്വാർട്ടർ പ്രവേശവും സ്വന്തം.